കോണ്‍ഗ്രസിന്‍റെ 137 -ാം ജന്മദിനം: യുഎഇയിലും വിവിധ പരിപാടികള്‍; പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യും

JAIHIND TV DUBAI BUREAU
Monday, December 27, 2021

ദുബായ് : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 -ാം ജന്മദിനം യുഎഇയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. കോണ്‍ഗ്രസ് അനുഭാവ പ്രവാസി കലാ-സാംസ്‌കാരിക കൂട്ടായ്മയായ ഇന്‍കാസിന്‍റെ വിവിധ കമ്മിറ്റികള്‍ വിവിധ ദിവസങ്ങളിലായി ദിനാഘോഷം സംഘടിപ്പിക്കും. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം നിര്‍വഹിക്കും.

ഷാര്‍ജ ഇന്‍കാസ് ദിനാഘോഷം ഡിസംബര്‍ 28 ന്

ഇന്‍കാസ് ഷാര്‍ജ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 -ാം ജന്മദിനം കെ പി സി സി വര്‍ക്കിങ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വ. വൈ എ റഹിം അധ്യക്ഷത വഹിക്കും. ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരില്‍, ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ജാബിര്‍ ഉള്‍പ്പടെയുള്ള കേന്ദ്ര-സംസ്ഥാന-ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ചടങ്ങുകളില്‍ സംബന്ധിക്കും. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയിലേക്ക് ജയിച്ച ഇന്‍കാസ് പ്രതിനിധികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും.

യൂത്ത് വിംഗ് രക്തദാനം 28 ന് ദെയ്‌റ നായിഫില്‍

ഇന്‍കാസ് യൂത്ത് വിംഗ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 -ാം ജന്മദിനത്തില്‍ രക്തദാനം നടത്തും. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ചാണ് പരിപാടി. കോണ്‍ഗ്രസ് ജന്മദിനമായ 28 ന് വൈകിട്ട് നാല് മുതല്‍ രാത്രി എട്ടു വരെ ദെയ്‌റ നായിഫിലെ ഗോള്‍ഡ് സൂഖിന് മുന്‍വശത്താണ് പരിപാടി. ബ്ലഡ് ഡൊണേഷന്‍ ഡ്രൈവുമായി സഹകരിച്ച് യൂത്ത് വിംഗിന്‍റെ കെയര്‍ ഫോര്‍ യു എന്ന ജീവകാരുണ്യ വിഭാഗം ഇതിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 056 156 5686, 052 740 4888, 055 158 8916 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.