പാലക്കാട് നഗരസഭാ ഭരണം: ബിജെപിയില്‍ ചേരിപ്പോര്; സുരേന്ദ്രന്‍ ഇടപെട്ടിട്ടും ഫലമില്ല

Jaihind Webdesk
Wednesday, September 15, 2021

പാലക്കാട് : ബിജെപി ഭരിക്കുന്ന ഒരേയൊരു നഗരസഭയായ പാലക്കാട്ട് ശക്തമായ ചേരിപ്പോര്. ബിജെപി നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ബിജെപി കൗൺസിലർമാർ ചേരിതിരിഞ്ഞ് കലഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ടെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല.

നഗരത്തിലെ മാലിന്യനീക്കം സംബന്ധിച്ചാണ് ബിജെപി കൗൺസിലർമാരുടെ വാട്‌സാപ്പ് കലഹം. മുൻ നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ, ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്‍റെ ഭാര്യ കൂടിയായ മിനി കൃഷ്ണകുമാർ എന്നിവരാണ് നിലവിലെ ഭരണസമിതിയെ വാട്‌സാപ്പ് ഗ്രൂപ്പിൽ വിമർശിച്ചത്. ചെയർപേഴ്‌സൺ പ്രിയ അജയനെ പിന്തുണച്ച് സ്മിതേഷും രംഗത്തെത്തി.

ബിജെപി ജില്ലാ പ്രസിഡന്‍റ് ഇ കൃഷ്ണദാസാണ് ഇവിടെ വൈസ് ചെയർമാൻ. മിനി കൃഷ്ണകുമാറിനെ നഗരസഭാ അധ്യക്ഷയാക്കാനാണ് നീക്കം. എന്നാൽ കൃഷ്ണകുമാർ വിഭാഗം നഗരസഭാ ഭരണം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ജില്ലാ പ്രസിഡന്‍റും വൈസ് ചെയർമാനുമായ ഇ. കൃഷ്ണദാസ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാലക്കാട്ടെത്തിയെങ്കിലും ഫലമുണ്ടായില്ല. സുരേന്ദ്രൻ വിളിച്ച യോഗത്തിൽ നിന്ന് ചെയർപേഴ്‌സൺ പ്രിയ വിജയൻ വിട്ടു നിന്നു. തർക്കം പരിഹരിക്കാൻ ആർഎസ്എസും ശ്രമം തുടങ്ങിയിട്ടുണ്ട്.