മലപ്പുറം : മലപ്പുറത്ത് കെഎസ്‌യു നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കെഎസ്‌യു ജില്ല പ്രസിഡന്റ് അന്‍ഷിദ് ഉള്‍പ്പെടെ 4 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ന്യൂന പക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താന്‍ ഉള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മലപ്പുറം കളക്ടറേറ്റിലെക്ക് കെഎസ്‌യു മാര്‍ച്ച് നടത്തിയത്. കലക്ട്രേറ്റിന് മുന്നില്‍ പോലീസ് വിദ്യാര്‍ത്ഥി പ്രതിഷേധം തടഞ്ഞു. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന ഇടത് മുന്നണി സര്‍ക്കാരിനെതിരായ സമരം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് അലോഷ്യസ് സേവ്യര്‍ മുന്നറിയിപ്പ് നല്‍കി. പിന്നാലെ പോലീസ് വിദ്യാര്‍ത്ഥികളുമായി ബല പ്രയോഗം നടന്നു. ഉന്തിലും തള്ളിലും നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.