കണ്ണൂർ : തളിപ്പറമ്പിൽ സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്ക്. പുതിയ ലോക്കൽ കമ്മിറ്റി നേതൃത്വത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം പ്രവർത്തകർ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ നൂറോളം പേർ പങ്കെടുത്തു. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആയി പുല്ലായ്‌ക്കൊടി ചന്ദ്രനെ തെരഞ്ഞെടുത്തതിന് എതിരെ മുൻ നഗരസഭ പ്രതിപക്ഷ നേതാവ് കോമത് മുരളീധരന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നേതൃത്വത്തിനെതിരെ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ പ്രകടനം.
തളിപ്പറമ്പിലെ സിപിഎം ലോക്കൽ സമ്മേളനത്തിന് ശേഷമാണ് വിഭാഗീയത മറനീക്കി പുറത്ത് വന്നത്. തളിപ്പറമ്പിലെ സിപിഎം നേതൃത്വത്തിന് എതിരെ ആദ്യമായി പോസ്റ്റർ രൂപത്തിലാണ് ഒരു വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചതെങ്കിൽ ഇപ്പോഴത് പരസ്യപ്രകടനത്തിൽ എത്തി നിൽക്കുകയാണ്. നേതൃത്വം അടിച്ചമർത്തുന്നു എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നത്. തളിപ്പറമ്പ് നഗരത്തിലെ ചില പ്രധാന നേതാക്കളും പ്രവർത്തകരുമാണ് പ്രകടനം നടത്തിയത്. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ പുല്ലായ്ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
‘കോമ്രേഡ്സ് ഓഫ് പാലയാട്’ എന്ന പേരിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കെആർസി വായനശാലയിലും യുവധാര ക്ലബ്ബിലുമടക്കമാണ് പോസ്റ്ററുകള്‍. നേരത്തെ സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് തളിപ്പറമ്പ് മുൻ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ഏരിയാ സമ്മേളനത്തിനുള്ള പ്രതിനിധി പാനലിൽ നിന്നും കോമത്ത് മുരളീധരനെ ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടതും പ്രതിഷേധ പ്രകടനം നടന്നതും. പുല്ലായ്ക്കൊടി ചന്ദ്രന് ഔദ്യോഗിക പക്ഷം നേതാക്കളുടെ പിന്തുണ ഉള്ളതിനാൽ നേതൃത്വത്തെ വെല്ലുവിളിച്ച് പ്രകടനം നടത്തിയവർക്കെതിരെ പാർട്ടി തലത്തിൽ നടപടി ഉണ്ടായേക്കും.