മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സിപിഎമ്മിനുള്ളിൽ ‘പടയൊരുക്കം’ ! പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങി പ്രവർത്തകർ

Jaihind News Bureau
Monday, March 8, 2021

 

തിരുവനന്തപുരം : ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടതിന് പിന്നാലെ പാർട്ടിക്കുള്ളിലും പടയൊരുക്കം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നേതൃത്വത്തിന് തലവേദനയായിരിക്കുന്നതിനിടെ പൊന്നാനിയില്‍ പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇടതുമുന്നണിയുടെ പ്രചരണത്തിന് നിശ്ചയിച്ചിരുന്ന ‘പടയൊരുക്കം’ എന്ന പേര് അക്ഷരാർത്ഥത്തില്‍ പാർട്ടിക്കുള്ളിലെ പോരിനെ തുറന്നു കാണിക്കുന്നതായി. മുഖ്യമന്ത്രി പ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊന്നാനിയിലെ ‘പടയൊരുക്കം’. പോസ്റ്റർ യുദ്ധം സിപിഎമ്മില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെയുണ്ടായ പരസ്യ പ്രതിഷേധം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി ; പരസ്യപ്രതിഷേധവുമായി പ്രവർത്തകർ തെരുവില്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം. പൊന്നാനി സ്വദേശി കൂടിയായ ടി.എം. സിദ്ദിഖിനെ സ്ഥാനാർഥി ആക്കണം എന്നാണ് ആവശ്യം. ‘നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തും’ എന്ന ഫ്ലക്സ് ഉയർത്തിയാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

പാലോളി മുഹമ്മദ് കുട്ടി മാറുമ്പോൾ അന്ന് പരിഗണനയിൽ ഉണ്ടായിരുന്ന പേരായിരുന്നു ടി.എം സിദ്ദീഖിന്‍റേത്. എന്നാൽ 2011ലും പതിനാറിലും പി ശ്രീരാമകൃഷ്ണനാണ് പാർട്ടി അവസരം നൽകിയത്. ഇത്തവണയും ശ്രീരാമകൃഷ്ണൻ തന്നെ മത്സരിക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പേരും ശ്രീരാമകൃഷ്ണന്റേതായിരിന്നു. എന്നാൽ സംസ്ഥാന നേതൃത്വം ശ്രീരാമകൃഷ്ണനെ വെട്ടുകയായിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ കമ്മിറ്റി അംഗം , ടി.എം. സിദ്ദീഖിനെ പരിഗണിക്കണമെന്നാണ് അണികളുടെ ആവശ്യം.

ടി.എം സിദീഖിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടു ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്പിച്ചി ബാവയ്ക്ക് ശേഷം, മണ്ഡലത്തിൽ തദ്ദേശീയനായ ഒരാളും പരിഗണിക്കപ്പെട്ടില്ല എന്നതും ആവശ്യത്തിന് ശക്തി പകരുന്നു. ടിഎം സിദ്ധിഖ് അനുഭാവികളായ 50ഓളം പേർ ഇതേ ആവശ്യം ഉന്നയിച്ചു ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടെങ്കിലും ഇവരെ നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു.നിലവിൽ സംസ്ഥാന സമിതി പരിഗണിക്കുന്ന നന്ദകുമാറിനെ വേണ്ടെന്നാണ് മണ്ഡലത്തിലെ വലിയൊരു വിഭാഗം പ്രവർത്തകരുടെ നിലപാട്. ടിഎം സിദ്ദീഖിനായി സമൂഹമാധ്യമങ്ങളിലും ക്യാമ്പയിൻ സജീവമാണ്.

സ്ഥാനാർത്ഥി നിർണയം : പൊന്നാനി സിപിഎമ്മില്‍ കലഹം രൂക്ഷം ; പോസ്റ്റർ പോര്

പൊന്നാനിയിൽ സിപിഎം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത മറനീക്കി പുറത്ത്. പി ശ്രീരാമകൃഷ്ണൻ മത്സരിക്കുന്നില്ലെങ്കിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദീഖിന് പകരം അവസരം നൽകണമെന്നാണ് അണികൾക്കിടയിലെ ആവശ്യം. സിഐടിയു നേതാവ് നന്ദകുമാറിനെ മണ്ഡലത്തിൽ സംസ്ഥാനസമിതി പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ടി എം സിദ്ദീഖിന് വേണ്ടിയുള്ള പ്രവർത്തകരുടെ ആവശ്യവും ശക്തമാകുന്നത്.