കോൺഗ്രസ് ബന്ധത്തില്‍ ബംഗാള്‍-കേരള ഘടകങ്ങള്‍ തമ്മില്‍ ഭിന്നത; കോൺഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് ബംഗാള്‍

 

കണ്ണൂർ: കോൺഗ്രസ് ബന്ധത്തില്‍ സിപിഎം കേരള, ബംഗാൾ ഘടകങ്ങൾ തമ്മിൽ കടുത്ത ഭിന്നത. കോൺഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് രാഷ്ട്രീയ പ്രമേയ ചർച്ചയിൽ ബംഗാളിൽ നിന്നുള്ള ശ്രീജൻ ഭട്ടാചാര്യ. കോൺഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ നിലപാടെടുത്തു.

കോൺഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് രാഷ്ട്രീയ പ്രമേയ ചർച്ചയിൽ ബംഗാളിൽ നിന്നുള്ള ശ്രീജൻ ഭട്ടാചാര്യയാണ് വ്യക്തമാക്കിയത്. എന്നാൽ മാത്രമേ മതേതര ജനാധിപത്യചേരി ശക്തിപ്പെടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിർക്കണമെന്നും ബംഗാൾ ഘടകം വാദിച്ചു. ബിജെപിയാണ് വലിയ ശത്രുവെന്നുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് ബംഗാൾ ഘടകം തള്ളുകയും ചെയ്തു. ബംഗാളിലെ സാഹചര്യത്തിൽ ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിർക്കണമെന്നാണ് ബംഗാൾ ഘടകത്തിന്‍റെ നിലപാട്.

കേരളത്തിൽ നിന്നുള്ള പി രാജീവാണ് പാർട്ടി കോൺഗ്രസിൽ കോൺഗ്രസിന് എതിരെ വിമർശനം ഉന്നയിച്ചത്. മതേതര ചേരിക്ക് കരുത്ത് പകരാൻ കോൺഗ്രസുമായി ചേരണമെന്ന ബംഗാൾ ഘടക നേതാക്കളുടെ അഭിപ്രായത്തിന് നേർ വിപരീതമായാണ് പി രാജീവ് സംസാരിച്ചത്. കോൺഗ്രസിനോടുളള സമീപനം എങ്ങനെ ആയിരിക്കണമെന്നതിൽ കേരള, ബംഗാൾ ഘടകങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് കോൺഗ്രസിനൊപ്പം നിൽക്കണമെന്ന അഭിപ്രായമാണുള്ളത്. എന്നാൽ ഇതിനെ കേരള ഘടകം നിശിതമായി വിമർശിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമില്ലെന്ന മുൻ നിലപാട് തന്നെയാവും സിപിഎം സ്വീകരിക്കുക.

Comments (0)
Add Comment