നിബന്ധനകള്‍ കാറ്റില്‍ പറത്തി: ഗതാഗത മന്ത്രിയുടെ അനുമതിയില്‍ ചട്ടവിരുദ്ധ നടപടി

Thursday, January 2, 2025

 

കണ്ണൂർ : പുതുവല്‍സര ദിനത്തില്‍ വൈകുന്നേരം ഉണ്ടായ സ്‌കൂള്‍ ബസ് അപകടത്തില്‍ സര്‍ക്കാരും ഗതാഗത വകുപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്. ഫിറ്റ്‌നസ് കാലാവധി അവസാനിച്ച സ്‌കൂള്‍ ബസുകള്‍ക്ക് ഗതാഗത മന്ത്രി ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കിയത് ഗുരുതര വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു വിവാദ നീക്കം.

ഫിറ്റ്‌നസ് കാലാവധി നീട്ടിനല്‍കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന്‍റേത് മാത്രമാണ്. അവിടെ ഗതാഗത മന്ത്രിക്ക് പ്രത്യേക അധികാരങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ഈ അവസരത്തിലാണ് സ്‌കൂളുകളുടെ സമ്മര്‍ദ്ദത്തിനും മന്ത്രിയുടെ ഉത്തരവിനും പിന്നാലെയുള്ള നിയമവിരുദ്ധ നടപടി. കേരള സര്‍ക്കാരിന് മാത്രം വേറെ നിയമമാണോ എന്ന വിമര്‍ശനവും ഉയരുന്നു.

ഡ്രൈവർ നിസാമിന്‍റെ വെളിപ്പെടുത്തലുകള്‍ കൂടി സംഭവത്തിന് ഗൗരവം കൂട്ടുന്നു. ഡിസംബറില്‍ തന്നെ ഫിറ്റ്‌നസ് കാലാവധി അവസാനിച്ചിരുന്ന ബസിലാണ് ഇന്നലെ അപകടം നടന്ന് ഒരു വിദ്യാര്‍ത്ഥിനി അതിദാരുണമായി മരണപ്പെട്ടത്. ഡ്രൈവർ ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

ഗതാഗത മന്ത്രിയുടെയും കേരള സര്‍ക്കാരിന്‍റെയും ഫിറ്റ്‌നസ് ഇല്ലാത്ത ബസുകള്‍ക്കുള്ള ആനുകൂല്യം ചട്ടവിരുദ്ധം തന്നെയാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും കോടതിയും ഇടപെടണം എന്ന ആവശ്യവും ഉയരുന്നു.