പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക തുടരുന്നു; കോഴിക്കോട് ജില്ലയില്‍ സീറ്റില്ലാതെ 18,000 വിദ്യാർത്ഥികള്‍

 

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും പ്രവേശനത്തിൽ വലഞ്ഞ് കോഴിക്കോട്ടെ വിദ്യാർത്ഥികൾ. മൂന്ന് അലോട്ട്മെന്‍റുകൾ പൂർത്തിയായപ്പോഴും ജില്ലയിൽ പതിനെട്ടായിരത്തോളം വിദ്യാർത്ഥികളാണ് അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുന്നത്.

കോഴിക്കോട് ജില്ലയിൽ 80 ശതമാനം മാർക്കുള്ള വിദ്യാർത്ഥികൾ പോലും ആഗ്രഹിച്ച കോഴ്‌സിലേക്ക് പ്രവേശനം കിട്ടാതെ പുറത്താണ്. ജില്ലയിൽ കഴിഞ്ഞ തവണയുണ്ടായിരുന്നത് 29,855 പ്ലസ് വൺ സീറ്റുകളാണ്. സീറ്റ് വർധനക്ക് ശേഷം ഈ വർഷം 30,167 സീറ്റുകളും. എന്നാല്‍ ഇത്തവണ ജില്ലയിൽ 48,124 വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. ഇതോടെയാണ് 17,957 വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പുറത്തായത്.

വിവിധ ഗ്രേസ് മാർക്കുകളും മറ്റുമായി വിദ്യാർത്ഥികൾ പ്രവേശന പട്ടികയിൽ മുന്നിൽ വന്നതോടെയാണ് ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പോലും സീറ്റ് കിട്ടാതെ വന്നത്. എസ്എസ്എൽസി ഫലം പുറത്ത് വന്നപ്പോൾ മുതൽ അധ്യാപകരും രക്ഷിതാക്കളും പ്രതിസന്ധിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 20 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

Comments (0)
Add Comment