പ്രതിപക്ഷ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ്; മുന്‍ എംഎല്‍എ കെ.കെ.ലതികയ്ക്കെതിരെ പരാതി

Jaihind News Bureau
Monday, July 13, 2020

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മുന്‍ എംഎല്‍എ കൂടിയായ കെ.കെ.ലതികയ്ക്കെതിരെ പരാതി. കെപിസിസി അംഗം റഷീദ്‌ പറമ്പന്‍ ആണ് പരാതി നല്‍കിയത്. മലപ്പുറം ജില്ലാ പോലീസ്‌ മേധാവി അബ്ദുള്‍കരീമിനാണ് പരാതി നല്‍കിയത്. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കള്ളക്കടത്തുകാരനായ ഫരീദിനോടൊപ്പം നില്‍ക്കുന്നു എന്ന രീതിയിലായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

ചിത്രത്തില്‍ പ്രതിപക്ഷനേതാവിനും മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സനും ഒപ്പം നില്‍ക്കുന്നത്‌ ദുബായില്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയില്‍ ജോലിചെയ്യുന്ന നിലമ്പൂര്‍ ചന്തക്കുന്ന്‌ സ്വദേശി ലത്തീഫാണെന്നും പരാതിയില്‍ പറയുന്നു. വസ്തുതകള്‍ ഇങ്ങനെ ആയിരിക്കെ പ്രതിപക്ഷനേതാവിനെ പൊതുസമൂഹത്തില്‍ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തണം എന്ന ദുരുദ്ദേശത്തോടുകൂടിയാണ്‌ കെ.കെ. ലതിക ഇത്‌ ചെയ്യിരിക്കുന്നത്‌ എന്ന് വ്യക്തമാണ്. അതീവ ഗുരുതരമായ ഈ കുറ്റകൃത്യം ചെയ്തിരിക്കുന്ന ഇവര്‍ക്കെതിരെ കേസെടുത്ത്‌ നിയമത്തിനുമുന്നില്‍ എത്തിച്ച്‌ അര്‍ഹമായ ശിക്ഷവാങ്ങി കൊടുക്കണമെന്നും റഷീദ് പറമ്പന്‍ പരാതിയില്‍ പറയുന്നു.