ഭിലായ് സ്റ്റീൽ പ്ലാന്‍റ് അപകടം : മരിച്ചവരുടെ ബന്ധുക്കൾക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം

Jaihind Webdesk
Thursday, October 11, 2018

ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീൽ പ്ലാൻറിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. കേന്ദ്ര ഉരുക്കു സഹമന്ത്രി ചൗധരി ബിരേന്ദർ സിംഗ് ആണ് നഷ്ടപരിഹാരതുക പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവർക്ക് 15 ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകും.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ചട്ടപ്രകാരം 33 ലക്ഷം രൂപ മുതൽ 90 ലക്ഷം രൂപവരെയുള്ള നഷ്ടപരിഹാര തുക ലഭിക്കും. മന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയ്ക്കു പുറമെയാണിത്. മരിച്ചവരുടെ അടുത്ത ബന്ധുവിന് ജോലി നൽകാനും ബിരുദതലം വരെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിൽ ഇതുവരെ 11 പേരാണ് മരിച്ചത്. പൊള്ളലേറ്റ് പത്തു പേർ ഇപ്പോഴും ഭിലായ് സ്റ്റീൽ പ്ലാൻറ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

പ്ലാൻറിലെ വാതക പൈപ്പ്ലൈനിലാണു സ്‌ഫോടനമുണ്ടായത്. സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണു ഭിലായ് സ്റ്റീൽ പ്ലാൻറ്. റായ്പുരിൽനിന്ന് 30 കിലോമീറ്റർ അകലെയാണു പ്ലാൻറ്. ഇന്ത്യൻ റെയിൽ വേക്ക് ലോകോത്തര നിലവാരമുള്ള പാളങ്ങൾ നിർമിച്ചു നല്കുന്നതു ഭിലായ് സ്റ്റീൽ പ്ലാൻറാണ്.

https://www.youtube.com/watch?v=ScoVJiGKI78