അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തില്‍

Monday, September 24, 2018

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക്.അഭിലാഷ് ടോമിയുടെ അടുത്തേക്ക് ഫ്രഞ്ച് കപ്പല്‍ ഒസീരിസ് എത്തിച്ചേര്‍ന്നു. ചെറുബോട്ടില്‍ രക്ഷാപ്രവര്‍ത്തകര്‍ അഭിലാഷിന്‍റെ പായ് വഞ്ചിക്ക് അടുത്തേക്ക് എത്തി വെള്ളവും വൈദ്യസഹായവും നല്‍കും. തുടര്‍ന്ന് അഭിലാഷിനെ കപ്പലിലേക്ക് മാറ്റാനാണ് ദൌത്യസംഘത്തിന്‍റെ ശ്രമം.

ഇന്ത്യൻ നാവികസേനയുടെ പി 8 ഐ വിമാനമാണ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്.

110 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ 10 മീറ്ററോളം ഉയർന്ന തിരമാലകൾക്കിടയിൽപ്പെട്ട് വഞ്ചിയുടെ മൂന്ന് പായ്മരങ്ങളിലൊന്ന് തകരുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിനകത്ത് വീണ് നടുവിന് പരിക്കേറ്റ അഭിലാഷ്, സഹായം അഭ്യർഥിച്ച് അപായസന്ദേശം നൽകുകയായിരുന്നു. പരിക്കേറ്റതിനാല്‍ അനങ്ങാൻ സാധിക്കുന്നില്ലെന്നും സഹായം വേണമെന്നുമായിരുന്നു സന്ദേശം.

ഓസ്‌ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3,704 കിലോമീറ്റർ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യൻ തീരമായ കന്യാകുമാരിയിൽനിന്ന് 5,020 കിലോമീറ്റർ അകലെയാണിത്.

രണ്ട് ദിവസം മുമ്പാണ് ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ പങ്കെടുക്കുന്ന അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി അപകടത്തിൽപെട്ടത്.