തിരുവനന്തപുരം : കൽക്കരി ക്ഷാമം മൂലം വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല. ഈ മാസം 19നുള്ളിൽ കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി പുനഃസ്ഥാപിക്കുമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഉറപ്പ്. അതുവരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കേണ്ട വൈദ്യുതിയിൽ പ്രതിദിനം 300 മുതൽ 400 മെഗാവാട്ടിന്റെ കുറവ് കേരളത്തിൽ അനുഭവപ്പെടുന്നുണ്ട്. പ്രതിസന്ധി നേരിടാൻ ഉയർന്ന വില നൽകി 200 മെഗാവാട്ട് പ്രതിദിനം വാങ്ങുന്നു. 2 കോടി രൂപയാണ് പ്രതിദിനം ഇതിനായി കെഎസ്ഇബി ചെലവിടുന്നത്. പവർ എക്സ്ചേഞ്ചില്‍ ലഭ്യമല്ലാത്തതിനാൽ 100 മെഗാവാട്ട് വില നൽകിയാലും വാങ്ങാൻ കഴിയാത്ത അവസ്ഥ. ഈ മാസം 19 നകം കൽക്കരി പ്രതിസന്ധി പരിഹരിച്ച് കേന്ദ്ര പൂളിലെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന ഉറപ്പ്.
ഇതുവരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. പ്രതിദിനം 3800 മെഗാവാട്ടാണ് കേരളത്തിന്‍റെ ഉപഭോഗം. ഇതിൽ 1200 മെഗാവാട്ട് മാത്രമാണ് ആഭ്യന്തര ഉൽപാദനം. 2200 മെഗാ വാട്ടും വില കൊടുത്ത് വാങ്ങുകയാണ്. ജലവൈദ്യുത പദ്ധതികളിലെ ഉൽപാദനം വർധിപ്പിച്ചാണ് കേരളം 100 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ സാഹചര്യം തുടർന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും.