രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്; വെള്ളത്തിൽ മുക്കിക്കൊന്ന് മൃതദ്ദേഹം കടലിൽ തള്ളി. രൂപശ്രീയുടെ സഹപ്രവർത്തകനും, സഹായിയും കസ്റ്റഡിയിൽ.

Jaihind News Bureau
Friday, January 24, 2020

കാസർകോട് മഞ്ചേശ്വരത്ത് കാണാതായ ശേഷം കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപികയായ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന് പോലീസ് വ്യക്തമാക്കി. സഹപ്രവർത്തകനായ ചിത്രകലാ അധ്യാപകനും കാർ ഡ്രൈവറും അറസ്റ്റിൽ.

നേരത്തേ, രൂപശ്രീയെ ചിലർ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നതാണ്. ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.

രൂപശ്രീയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ വെങ്കട്ടരമണ ബലംപ്രയോഗിച്ച് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ഇതേത്തുടർന്ന് ഇയാൾ കാറിൽ മൃതദേഹം കൊണ്ടുവന്ന് കടലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.