ഭരണപരിഷ്കാര കമ്മീഷന്‍റെ ചെലവ് 11 കോടിയോളം, റിപ്പോര്‍ട്ടുകള്‍ 13, നടപ്പാക്കിയത് പൂജ്യം! ; പിസി വിഷ്ണുനാഥിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

Jaihind Webdesk
Monday, June 7, 2021

തിരുവനന്തപുരം : വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 11  കോടിയോളം രൂപ. എന്നാല്‍ കമ്മീഷൻ സമ്മർപ്പിച്ച 13 റിപ്പോർട്ടുകളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. കമ്മീഷന്‍റെ ആകെ ചെലവ് 10,79,29,050 രൂപയാണെന്ന് മറുപടിയില്‍ പറയുന്നു. വി.എസ് അച്യുതാന്ദന്‍ അധ്യക്ഷനായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്‍ 13 റിപ്പോര്‍ട്ടുകളാണ് ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് സമര്‍പ്പിച്ചത്. ഇതില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ അറിയിച്ചത്.

വിജിലന്‍സ് പരിഷ്‌കാരം സംബന്ധിച്ച് 2017ലാണ് കമ്മീഷന്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018ല്‍ രണ്ട് റിപ്പോര്‍ട്ടുകളും 2019ല്‍ ഒരു റിപ്പോര്‍ട്ടും 2020ല്‍ നാല് റിപ്പോര്‍ട്ടുകളും 2021ല്‍ അഞ്ച് റിപ്പോര്‍ട്ടുകളുമാണ് കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ളത്. 2021 ഏപ്രില്‍ 21നാണ് കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ക്യാബിനറ്റ് റാങ്കോടെയുള്ള പദവിയാണ് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍റേത്.