മുഖ്യമന്ത്രിയുടെ ക്യാമ്പസ് സംവാദം ; ചോദ്യോത്തരവേളയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Jaihind News Bureau
Saturday, February 13, 2021

 

കണ്ണൂർ : കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന സംവാദപരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നാണ് നിര്‍ദ്ദേശം. അതേസമയം തുടർച്ചയായി വിവാദങ്ങളില്‍ ഇടംപിടിക്കുകയാണ് മുഖ്യമന്ത്രിയുടെ സംവാദപരിപാടി.

ക്യാമ്പസ് സംവാദം വെറും പ്രഹസനമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പി.എസ്.സി നിയമനങ്ങളുമായി ബന്ധമുള്ളതടക്കമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്നും നിർദ്ദേശങ്ങള്‍ മാത്രം മുന്‍കൂട്ടി എഴുതി നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ക്യാമ്പസ് സംവാദം തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ദിവസങ്ങള്‍ക്കു മുന്‍പ് എംജി യൂണിവേഴ്‌സിറ്റിയിൽ നടന്ന സംവാദപരിപാടിക്കിടെ ചോദ്യം ഉന്നയിച്ച വിദ്യാർത്ഥിനിയോട് മുഖ്യമന്ത്രി ക്ഷുഭിതനായതും വിവാദമായിരുന്നു. ചോദ്യം ചോദിച്ച വിദ്യാർത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കൻ ശബ്‌ദത്തിൽ മുഖ്യമന്ത്രി പറയുകയായിരുന്നു.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്’ എന്ന് വിദ്യാർത്ഥിനി പറഞ്ഞു തുടങ്ങിയപ്പോൾ, ‘ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.’ ഇങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു. വിദ്യാർത്ഥികളുമായുള്ള സംവാദത്തിന്റെ പ്രസക്തി സോഷ്യൽ മീഡിയ പേജിലൂടെ ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രിയിൽ നിന്നുതന്നെ ഇത്തരം പ്രതികരണമുണ്ടായതില്‍ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകവിമർശനമാണുയർന്നത്.

അതേസമയം ഇടതുമുന്നണി മാനിഫെസ്റ്റോയിലേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ശേഖരിക്കാനായാണ് ക്യാമ്പസുകളില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ സംവാദ പരിപാടി നടത്തുന്നതെന്ന് പ്രതിപക്ഷവും നേരത്തെ ആരോപിച്ചിരുന്നു. നഗ്നമായ അധികാര ദുര്‍വിനിയോഗമാണെന്നും കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി. കാലാവധി കഴിയാന്‍ ഒരുമാസം പോലുമില്ലാത്ത ഒരു മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന ക്യാമ്പസ് സംവാദം തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമാണ്.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അധികാരം ഏറ്റ അവസരത്തില്‍ തന്നെ ഇത്തരത്തില്‍ ആശയസംവാദം നടത്താനായിരുന്നു മുഖ്യമന്ത്രി തയ്യാറാകേണ്ടിയിരുന്നത്. പിന്‍വാതില്‍-ബന്ധുനിയമന പരമ്പരയിലൂടെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്നും കെ.സി. ജോസഫ് പറഞ്ഞു.