പെരുമാറ്റച്ചട്ടം വിനയായി, രാഷ്ട്രീയം പറയാനാകില്ല ; പ്രതിദിന വാർത്താസമ്മേളനം നിർത്തി മുഖ്യമന്ത്രി

 

തിരുവനന്തപുരം:  തദ്ദേശ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പ്രതിദിന വാര്‍ത്താസമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വിവരങ്ങള്‍ പറയുന്നതിനിടെ രാഷ്ട്രീയം പറയാനാകാത്തതാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്തിരിയുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതോടെ കൊവിഡിനിടയിലും രാഷ്ട്രീയം തന്നെയാണ് മുഖ്യമന്ത്രി ഉന്നംവച്ചതെന്ന് വ്യക്തമാവുകയാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് താല്‍ക്കാലികമായി ഒഴിവാക്കിയത്. അതേസമയം സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏതു രീതിയില്‍ വാര്‍ത്താസമ്മേളനം പുനരാംഭിക്കാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. വാര്‍ത്താ സമ്മേളനങ്ങളോട് താല്‍പര്യമില്ലെന്ന് പഴി കേട്ടിട്ടുള്ള പിണറായി വിജയന്‍ ലോക്ഡൗണ്‍ കാലത്തും കോവിഡ് രോഗബാധ രൂക്ഷമായപ്പോഴും ജനങ്ങളോട് നേരിട്ട് സംവദിക്കാനാണ് പ്രതിദിന വാര്‍ത്താസമ്മേളനം വിളിച്ചുതുടങ്ങിയത്. സ്പ്രിങ്ക്ളർ, സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ആയുധമാക്കിയതും ഇതേ വാര്‍ത്താസമ്മേളനം തന്നെയാണ്.

ഓണക്കാലത്ത് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി പ്രഖ്യാപിച്ചതും ഇതേ വാര്‍ത്താസമ്മേളനങ്ങളിലൂടെയായിരുന്നു. പിന്നീട് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പറയുന്നതായി വാര്‍ത്താസമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. കൊവിഡ് കണക്കുകള്‍ ആദ്യമൊക്കെ വിശദമായി പറഞ്ഞിരുന്ന മുഖ്യമന്ത്രി പിന്നീട് കൊവിഡ് കണക്കുകള്‍ ചുരുക്കുകയും രാഷ്ട്രീയ മറുപടികള്‍ കൂട്ടുകയും ചെയ്തു. എന്നാല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഓദ്യോഗിക വസതിയിലോ വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകില്ല. ഇതോടെയാണ് വാര്‍ത്താസമ്മളനം താല്‍ക്കാലികമായി നിര്‍ത്തുന്നത്.

സര്‍ക്കാരിന്റെ പിആര്‍ഡിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ മറുപടി പറയുന്നതും ചട്ടലംഘനമാകും. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്‍ററില്‍ നിന്നും ഓണ്‍ലൈന്‍ വഴി മാധ്യമങ്ങളെ കാണാമെങ്കിലും ദിവസവും അതു പ്രായോഗികമാകില്ലെന്നതാണ് വെല്ലുവിളി. എന്തായാലും തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.

Comments (0)
Add Comment