5 വർഷം പോലും കാലാവധി പൂർത്തിയാക്കിയില്ല ; മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ സംഘത്തെ സ്ഥിരപ്പെടുത്താന്‍ വീണ്ടും നീക്കം

Jaihind News Bureau
Friday, February 5, 2021

 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്ന സംഘത്തെ സ്ഥിരപ്പെടുത്താന്‍ വീണ്ടും നീക്കം. സര്‍ക്കാര്‍ അധികാരമേറ്റ് 2 മാസം പിന്നിട്ടപ്പോള്‍ നിയമിച്ച സംഘത്തിലെ 10 പേരെയും പാര്‍ട്ടിക്കു വേണ്ടപ്പെട്ട മുപ്പതോളം പേരെയും സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.  സി-ഡിറ്റിൽ 10 വർഷത്തിലേറെ സേവന പരിചയമുള്ള 114 പേരെയാണു സ്ഥിരപ്പെടുത്താൻ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

ഈ ഫയലില്‍ ഐ.ടി സെക്രട്ടറി വിയോജനക്കുറിപ്പെഴുതിയെങ്കിലും  ഇത് കണക്കിലെടുക്കാതെ വിഷയം മന്ത്രിസഭയില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അതേസമയം സമൂഹമാധ്യമ സംഘം 5 വർഷം പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ല. 6 മാസം മുൻപു സ്ഥിരപ്പെടുത്തൽ നീക്കം നടന്നപ്പോൾ സി-ഡിറ്റിലെ തന്നെ ട്രേഡ് യൂണിയനുകൾ എതിർത്തിരുന്നു. സ്പെഷൽ റൂൾസ് ഭേഗതിയിലൂടെയാകും സ്ഥിരപ്പെടുത്തൽ എന്നാണു സൂചന.

പിഎസ്.സി പരീക്ഷ എഴുതി ലക്ഷക്കണക്കിന് പേര്‍ തൊഴില്‍ ലഭിക്കാതെ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ആയിരകണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സർക്കാർ തയ്യാറെടുക്കുന്നത്.  ഈ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടിയതാണ്.

പാര്‍ട്ടിക്ക് അടുപ്പമുള്ളവരെയും വേണ്ടപ്പെട്ടവരെയും സ്ഥിരപ്പെടുത്തുന്നതിനായി ഇത് സംബന്ധിച്ച് വകുപ്പുകളില്‍ നിന്നെത്തുന്ന ഫയലുകളെല്ലാം മന്ത്രിസഭയില്‍ വെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പല വകുപ്പു സെക്രട്ടറിമാരുടെയും ധനവകുപ്പിന്റെയും എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടാണ് ഇത്തരമൊരു സ്ഥിരപ്പെടുത്തല്‍ നടപടികളിലേക്കു സര്‍ക്കാര്‍ വേഗത്തില്‍ നീങ്ങുന്നത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരും മുന്‍പ് തീരുമാനമെടുക്കാനാണു തിരക്കിട്ട നടപടികളിലേക്കൊരുങ്ങുന്നതും.