അലന്‍റെയും താഹയുടെയും കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറയണം : പ്രതിപക്ഷ നേതാവ്

കൊച്ചി: പിണറായി വിജയനും സര്‍ക്കാരും അലനോടും താഹയോടും മക്കള്‍ ജയിലിലായതിന്‍റെ വേദന അനുഭവിച്ച കുടുംബത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അലനും താഹയുമായി ബന്ധപ്പെട്ട കേസില്‍ യു.എ.പി.എ ചുമത്തേണ്ട കേസല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അലനും താഹയും അറസ്റ്റു ചെയ്യപ്പെട്ട അന്നുമുതല്‍ യു.എ.പി.എ ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. അവരുടെ വീട്ടില്‍ നിന്നും ചില പുസ്തകങ്ങള്‍ കണ്ടെടുത്തെന്നാണ് പൊലീസ് പറഞ്ഞത്. അതിനേക്കള്‍ വലിയ മാവോയിസ്റ്റ് ആശയങ്ങള്‍ പറയുന്ന പുസ്തകങ്ങള്‍ എന്റെ ലൈബ്രറിയിലുണ്ട്. അങ്ങനെയെങ്കില്‍ എന്നെയും അറസ്റ്റു ചെയ്യണം.

മാപ്പില്‍ തീരുന്ന പ്രശ്‌നമല്ല. ഇത്രയും കാലം ജയിലില്‍ കിടന്നതിന് എന്ത് പരിഹാരമാണ് ഉണ്ടാക്കുക. എത്രമാത്രം വേദനയാണ് ആ കുടുംബങ്ങള്‍ക്കുണ്ടായത്. പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ നിസാരപ്രശ്‌നങ്ങളുടെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരെയാണ് പിണറായി സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി അനാവശ്യമായി ജയിലില്‍ അടച്ചത്. കൈയ്യിലൊരു നിയമം കിട്ടിയാല്‍ മോദിയേക്കാള്‍ വലിയ ഏകാധിപതിയായി മാറുമെന്നാണ് പിണറായി വിജയന്‍ തെളിയിച്ചത്. അതില്ലാത്തതുകൊണ്ടാണ്. അധികാരം ഉണ്ടായിരുന്നുവെങ്കില്‍ ഏകാധിപതികളുടെ പൊതുസ്വാഭാവം തന്നെയാണ് കാണിക്കുന്നത്. ഇതാണോ ഇടതുപക്ഷം? ഇതാണ് ഞങ്ങള്‍ വീണ്ടും ഉയര്‍ത്തുന്ന ചോദ്യം? യു.എ.പി.എ നിയമം ഒരു ഡ്രാക്കോണിയന്‍ നിയമമാണെന്നു പരസ്യമായി പാര്‍ലമെന്റിലും പൊതുവേദിയിലും പ്രസംഗിച്ചവര്‍ സ്വന്തം പാര്‍ട്ടിയിലെ ഒരു നിസാരപ്രശ്‌നത്തിന്റെ പേരില്‍ അതേ നിയമം ഉപയോഗിച്ച് രണ്ട് ചെറുപ്പക്കാരെ ജയിലിലാക്കി. ഇത് ഇടതുപക്ഷമാണോ? അതോ തീവ്ര വലതുപക്ഷമാണോ? ഇതു തന്നെയല്ലേ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരും ചെയ്യുന്നത്? ഇപ്പോള്‍ കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരല്ല. തീവ്രവലതുപക്ഷ സ്വഭാവമുള്ള സര്‍ക്കാരാണ്. അലനെയും താഹയെയും യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ചത് അതിനുള്ള ഏറ്റവും വലിയ അടയാളമാണ്.

കോണ്‍ഗ്രസ് പുനസംഘടന മൂന്നാം ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ ആഗ്രഹിക്കുന്നത് ഈ പാര്‍ട്ടി സംവിധാനം പുനസംഘടിപ്പിച്ച് സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്നതാണ്. ആ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം സഫലമാക്കുകയെന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുനന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആ ആഗ്രഹം സഫലമാക്കും. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിലെ ഒരു യാഥാര്‍ഥ്യമാണ്. ഗ്രൂപ്പുകള്‍ പാടില്ലെന്നു പറഞ്ഞിട്ടില്ല. എന്നാല്‍ ഗ്രൂപ്പുകള്‍ പാര്‍ട്ടിയേക്കാള്‍ വലുതാകാന്‍ പാടില്ല. ഗ്രൂപ്പ് പാര്‍ട്ടിയ വിഴുങ്ങാന്‍ സമ്മതിക്കില്ലെന്നത് താഴേത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാടാണ്. അതു തന്നെയാണ് നേതൃത്വത്തിന്റെ നിലപാടും.

Comments (0)
Add Comment