‘മുഖ്യമന്ത്രി കടല്‍ത്തീരങ്ങളെ വില്‍ക്കുന്നു ; മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല’ : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

പ്രധാനമന്ത്രി രാജ്യത്തിന്‍റെ ആകാശവും ഭൂമിയും വിദേശ ശക്തികള്‍ക്ക് തീറെഴുതുമ്പോള്‍ മുഖ്യമന്ത്രി നമ്മുടെ കടല്‍ത്തീരങ്ങളെ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഴല്‍ക്കടല്‍ കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കാന്‍ നോക്കിയ ഒട്ടും സുതാര്യമല്ലാത്ത പദ്ധതിയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍. പ്രതിപക്ഷം അത് തെളിവുകളോടെ പിടികൂടിയപ്പോള്‍ ജനങ്ങളെ വിഡ്ഡികളാക്കി തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അറിവോടെ ധാരണപത്രം ഒപ്പുവെച്ച ശേഷം ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റംകെട്ടിവച്ച് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഫിഷറീസ് നയത്തിന് വിരുദ്ധമായ ഒരു കരാര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് ധാരണപത്രത്തില്‍ ഒപ്പിടാന്‍ സാധ്യമല്ല. കൂടാതെ പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലവും ഇ.എം.സി.സി കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. സര്‍ക്കാരും ഇ.എം.സി.സി കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്. വസ്തുതകളുടെ വെളിച്ചത്തില്‍ തെളിവുകള്‍ പുറത്ത് വിട്ടപ്പോള്‍ വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും പൊട്ടന്‍ കളിക്കുകയാണ്. കേരളത്തിന്‍റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വഴിവെക്കുന്ന വലിയ ഒരു അഴിമതിക്കാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കളമൊരുക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇ.എം.സി.സിയും സര്‍ക്കാരും തമ്മില്‍ 5000 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടത് സംബന്ധിച്ച വിശദമായ വാര്‍ത്തനല്‍കിയത് സി.പി.എം പാര്‍ട്ടി പത്രമാണ്. അത് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും വ്യവസായ മന്ത്രിക്കും കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ഈ കരാര്‍ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതം പൂര്‍ണമായും ദുരിതത്തില്‍ ആകുമായിരുന്നു. ജീവിക്കാന്‍ വകയില്ലാതെ മറ്റു തൊഴിലിടങ്ങള്‍ തേടേണ്ട ഗതികേടിലേക്കാണ് സര്‍ക്കാര്‍ പതിനൊന്ന് ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തള്ളിവിടാന്‍ ശ്രമിച്ചത്. പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചവരാണ് മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍. അവരെ ദുരിതത്തിലേക്ക് തള്ളിവിടാന്‍ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ല. മത്സ്യത്തൊഴിലാളികളുടെ അവകാശം നേടിയെടുക്കാനും അവര്‍ക്ക് നീതി ഉറപ്പാക്കാനും കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Comments (0)
Add Comment