വിവാദ വിഷയങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തകളും… മാധ്യമങ്ങളെ ഒഴിവാക്കാന്‍ പതിവ് വാർത്തസമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി

Jaihind News Bureau
Wednesday, June 10, 2020

മുഖ്യമന്ത്രി പിണറായി വിജയൻ പതിവ് വാർത്തസമ്മേളനം വീണ്ടും ഒഴിവാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറില്ല. വിവാദ വിഷയങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തകളുമാണ് മാധ്യമങ്ങളെ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഇത് രണ്ടാം തവണയാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ പതിവ് വാർത്തസമ്മേളനം മുഖ്യമന്ത്രി ഒഴിവാക്കുന്നത്.

കൊവിഡ് 19 ന് തുടർന്ന് ഉണ്ടായ ആരോഗ്യ വിവരങ്ങൾ കോവിഡ് സ്ഥിരീകരിച്ചവരുടെ അറിയിക്കാൻ മന്ത്രി കെ.കെ.ശൈലജയാണ് തുടക്കത്തിൽ വാർത്ത സമ്മേളനം നടത്തിയിരുന്നത്. ഇത് മന്ത്രിയുടെ പ്രതിച്ഛായ വർധിച്ചു എന്ന് പ്രചരണം ശക്തമായതോടെ പതിവ് വാർത്താ സമ്മേളനം മുഖ്യമന്ത്രി ഏറ്റെടുക്കുകായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം റവന്യു, ആരോഗ്യ മന്ത്രിമാരും, ചീഫ് സെക്രട്ടറിയും വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാറുണ്ടെങ്കിലും മുഖ്യമന്ത്രി ഒഴികെ മറ്റാരെയും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെ കൊവിഡിന്‍റെ മറവിൽ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള മാർഗമായും രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കാനുള്ള വേദിയായും വാർത്ത സമ്മേളനം മാറി.

സ്പ്രിങ്ക്ളർ ഡാറ്റ ഇടപാട് വിവാദമാവുകയും വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതോടെ വാർത്ത സമ്മേളനത്തിൽ ഇക്കാര്യത്തെ കുറിച്ച് തുടർച്ചയായി ചോദ്യങ്ങൾ ഉയർന്നു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തെ കുറിച്ചും ചോദ്യം ഉയർന്നു. ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായതോടെ പതിവ് വാർത്ത സമ്മേളനം ഒഴിവാക്കുകയാണന്ന് മുഖ്യമന്ത്രി അറിയിച്ചു. രാഷ്ട്രീയമായി ഈ തീരുമാനം തിരിച്ചടിയായതോടെ വാർത്ത സമ്മേളനം പുനരാംഭിക്കുകയിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും വാർത്ത സമ്മേളനങ്ങൾ മുഖ്യമന്ത്രി ഒഴിവാക്കുകയാണ്. കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി, തോട്ടപ്പള്ളി കരിമണൽ ഖനനത്തിന് എതിരെ ഉള്ള സമരത്തെ തുടർന്ന് വഷളായ സി.പി.എം-സി.പിഐ ബന്ധം, പമ്പയിലെ മണൽ വാരൽ, ബെവ് ക്യു ആപ്പ്, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഉള്ള വിദ്യാർത്ഥിയുടെ ആത്മഹത്യ, സിപി.എം നേതാക്കളുടെ പ്രളയ ഫണ്ട് തട്ടിപ്പ്, ആരാധനലായങ്ങൾ തുറക്കുന്നതിലെ അവ്യക്തത, പ്രവാസി ക്വാറന്‍റൈൻ തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെ തിരഞ്ഞ് കുത്തിയേതാടെ മുഖ്യമന്ത്രി തീർത്തും പ്രതിരോധത്തിലായി. ബെവ് ക്യു ആപ്പ് ഉൾപ്പടെ പല വിഷയങ്ങളിലും മുഖ്യമന്ത്രി നൽകിയ ഉറപ്പും പാഴ്വാക്കായി. ഇതോടെ മറുപടി പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് വാർത്തസമ്മേളനം ഒഴിവാക്കാൻ മുഖ്യമന്ത്രി വീണ്ടും തീരുമാനിച്ചത്. ഇപ്പോൾ കൊവിഡ് വിവരങ്ങൾ ആരോഗ്യ മന്ത്രിയുടെ വാർത്താകുറിപ്പിലൂടെ മാത്രമാണ് പുറത്ത് വിടുന്നത്. വാർത്താ സമ്മേളനം നടത്താൻ മന്ത്രിക്ക് അനുവാദവുമില്ല. പതിവ് വാർത്ത സമ്മേളനം എന്ന് പുനാരാരംഭിക്കുമെന്ന് വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യറാകുന്നുമില്ല.