കറുപ്പിനെ ഭയന്ന് മുഖ്യമന്ത്രി ; വിലക്കിനെതിരെ വ്യാപക പ്രതിഷേധം ; കറുത്ത മാസ്ക് അണിഞ്ഞ് യുവനേതാക്കളുടെ മറുപടി

Jaihind News Bureau
Saturday, February 13, 2021

വയനാട് : കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ കറുത്ത മാസ്‌ക് ധരിച്ചുവന്നവർക്കെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, കെ.എസ്. യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത് , വി.ടി ബൽറാം എം എൽ എ തുടങ്ങിയവർ കറുത്ത മാസ്ക് അണിഞ്ഞ ചിത്രം ഫേസ്ബുക്കിൽ പങ്കു വെച്ചു.

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌ക് ധരിച്ചുവന്ന എല്ലാവരുടെയും മാസ്‌ക് മാറ്റി കളര്‍ മാസക് നല്‍കിയാണ് സമ്മേളന ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ചു. വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ കറുത്ത മാസ്‌ക്കാണ് അഴിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്‌ക് വിലക്കിയ പൊലീസ് പകരം മാസ്‌ക് നല്‍കിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

2017 ൽ തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ കറുത്ത ഷർട്ട് ധരിച്ചു വന്ന എല്‍സിഡി ഓപ്പറേറ്ററെ പൊലീസ് തുരത്തി ഓടിച്ച സംഭവം മറക്കാറായിട്ടില്ല. പകരം മറ്റൊരു ഷര്‍ട്ട് ധരിച്ചുവന്ന ശേഷമാണ് അയാളെ ഹാളിനുള്ളില്‍ കയറാന്‍ അനുവദിച്ചത്.

തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറില്‍ കല്‍പറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി ഇറങ്ങിയത്. കനത്ത പൊലീസ് വലയത്തിലായിരുന്നു ചടങ്ങ്. തൊഴില്‍ സമരത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ ഈ മാസ്ക് വേട്ട.

പിഎസ്.സി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വന്‍ പൊലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.