കേരളം ഒന്നാമതെന്ന തെറ്റായ അവകാശവാദവുമായി മുഖ്യമന്ത്രി

Jaihind News Bureau
Friday, October 11, 2019

ദേശീയ സമഗ്ര പോഷകാഹാര സർവേയിൽ കേരളം ഒന്നാമതെന്ന തെറ്റായ അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 35.9 ശതമാനവുമായി സിക്കിം ഒന്നാമത് നിലനിൽക്കെയാണ് സർവ്വേയിൽ 32.6 ശതമാനമുള്ള കേരളം ഒന്നാം സ്ഥാനത്തെന്ന വ്യാജ വാർത്ത മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്.   മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെയും പിണറായി വിജയൻറെയും ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് ഇതു സംബന്ധിച്ച കുറിപ്പും ചിത്രവും പങ്കുവച്ചത്.

കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം.   കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളും സിപിഎം മുഖപത്രമായ ദേശാഭിമാനിയും റിപ്പോർട്ട് ചെയ്തതനുസരിച്ച് ദേശീയ സമഗ്ര പോഷകാഹാര സർവേയിൽ കേരളം രണ്ടാം സ്ഥാനത്താണ്. 35.9 ശതമാനവുമായി സിക്കിമാണ് സർവേയിൽ ഒന്നാം സ്ഥാനത്ത്. ദേശാഭിമാനി റിപ്പോർട്ടിലും ഇതു വ്യക്തമായി പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും ഫേസ്ബുക്കിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന തരത്തിൽ കുറിപ്പുകളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു.

പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേജിൽനിന്നുള്ള കുറിപ്പ് ആരോഗ്യമന്ത്രിയുടെ പേജിലേക്കു പങ്കുവച്ചു. എഫ്ബി പോസ്റ്റ് പ്രചരിച്ചതിന് പിന്നാലെയാണ് പത്ര റിപ്പോർട്ടുകളും ഒപ്പം തെളിവുകളും സഹിതം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി തെറ്റായ വിവരം ജനങ്ങളെ ധരിപ്പിച്ചത് വരുന്ന ഉപതെരഞെടുപ്പ് മുന്നിൽ കണ്ടാണെന്ന നിരീക്ഷണങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.