ന്യൂദല്‍ഹി: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ കമല്‍നാഥ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ ഒപ്പിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ നടപ്പാക്കപ്പെട്ടിരിക്കുന്നത്. രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങളാണ് ആദ്യഘട്ടത്തില്‍ എഴുതിത്തള്ളിയത്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുംമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുമെന്നും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു മധ്യപ്രദേശില്‍ പൊലീസ് വെടിവയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കര്‍ഷകരുടെ മൂന്ന് കുടുംബാംഗങ്ങള്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ചടങ്ങില്‍ വേദി പങ്കിട്ടിരുന്നു. കര്‍ഷക സൗഹൃദ ഭരണമായിരിക്കും കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ എന്ന് ഉറപ്പുനില്‍കുന്നതായിമാറി ഈ വാഗ്ദാന പാലനം.