വിവാദ വിഷയങ്ങളെ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഇന്നും ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി

Jaihind News Bureau
Saturday, August 29, 2020

ഉദ്യോഗാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയ പി.എസ്.സി നടപടിയെയും മന്ത്രി എ.കെ ബാലൻ പ്രസ് കൗൺസിലിനെ സമീപിക്കുന്നതും ന്യായീകരിച്ച് മുഖ്യമന്ത്രി. മന്ത്രി സുധാകരന്‍റെ മകന് ജനം ടിവിയിൽ ഷെയർ ഉണ്ടോയെന്ന കാര്യം അറിയില്ല എന്നും മുഖ്യമന്ത്രി. വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞ് മാറി.

പി.എസ്.സി പരീക്ഷയിലെയും നിയമനങ്ങളിലെയും ക്രമക്കേടുകളെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ച ഉദ്യോഗാർത്ഥികളെ മൂന്ന് വർഷത്തേക്ക് വിലക്കിയ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രി, നടപടി പിൻവലിക്കാൻ തയ്യാറാണോയെന്നും വ്യക്തമാക്കിയില്ല. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നത് പൊതു സമൂഹത്തിന് ചേർന്നതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി നാടിന് കൊള്ളാത്ത സ്ഥാപനമാണ് എന്ന് ചിത്രീകരിക്കുന്ന രീതി ശരിയാണോ എന്ന ആലോചിക്കണം എന്നു പറഞ്ഞ മുഖ്യമന്ത്രി വഞ്ചിക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തം ആസൂത്രിതമെന്ന് സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കെതിരേ പ്രസ് കൗൺസിലിനെ സമീപിക്കുമെന്ന എ.കെ ബാലന്‍റെ നടപടിയെയും മുഖ്യമന്ത്രി ന്യായീകരിച്ചു. ഇതൊരു സ്വാഭാവിക നടപടി മാത്രമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിജെപി ഏർപ്പെടുത്തുന്ന മാദ്ധ്യമവിലക്കുകളും പ്രസ് കൗൺസിലിനെ സമീപിക്കുന്നതും എല്ലാം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് എന്ന പറഞ്ഞിരുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തന്നെയാണ് തങ്ങൾക്കെതിരേ വാർത്തകൾ വരുമ്പോൾ മാദ്ധ്യമങ്ങൾക്ക് എതിരേ വാളോങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം, മന്ത്രി സുധാകരന്‍റെ മകന് ജനം ടിവിയിൽ ഷെയർ ഉണ്ടെന്ന് അവർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അത് തനിക്കറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.