ക്ലാറ്റ് : അരലക്ഷം രൂപ ഉടനടി അടയ്ക്കണമെന്ന നിബന്ധന ഇരുട്ടടി: കെ സുധാകരന്‍ എം.പി

തിരുവനന്തപുരം : നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി അഡ്മിഷനുള്ള ക്ലാറ്റ് റിസള്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അലോട്ട്‌മെന്‍റ്  പ്രക്രിയയുടെ ഭാഗമാകേണ്ട വിദ്യാര്‍ത്ഥികള്‍ നാളെ (ജൂലൈ 30) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി 50,000 രൂപ അടയ്ക്കണം എന്ന സര്‍വകലാശാലയുടെ നിബന്ധന അര്‍ഹരായ നിരവധി വിദ്യാര്‍ത്ഥികളുടെ അവസരം തുലയ്ക്കുന്ന തികച്ചും വിവേചനപരമായ വ്യവസ്ഥയാണെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എം.പി.

മെറിറ്റിനേക്കാള്‍ ഉപരി വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക ശേഷിയാണ് നീതി-നിയമമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി കണക്കിലെടുത്തത്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തു ന‍ല്‍കി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന വിവേചനത്തിന്‍റെ മറ്റൊരു പതിപ്പാണ് ഒറ്റദിവസംകൊണ്ട് 50,000 രൂപ അടയ്ക്കുന്നവര്‍ക്ക് മാത്രം അലോട്ട്‌മെന്‍റ് പ്രക്രിയയുടെ ഭാഗമാകാന്‍ സാധിക്കൂ എന്ന വ്യവസ്ഥ വെക്കുന്നത്.

കൊവിഡ് മഹാമാരിമൂലം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ആകെ പരുങ്ങലില്‍ ആയിരിക്കുമ്പോഴാണ് ലോ യൂണിവേഴ്‌സിറ്റി അപ്രായോഗിക നിബന്ധനകള്‍ വെക്കുന്നത്. ഈ ദുര്‍ഘട കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാത്ത രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ സമ്പന്നര്‍ക്ക് തീറെഴുതി കൊടുക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാലംഘനവുമാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment