പാലക്കാട് നഗരസഭയിൽ ജയ്ശ്രീറാം വിളികളുമായി ബിജെപി

Jaihind News Bureau
Monday, December 21, 2020

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം വിളികളുമായി ബി.ജെ.പി കൗൺസിലർമാർ. കൗൺസിലർമാരുടെ ആദ്യ യോഗത്തിന് ശേഷമാണ് ബി.ജെ.പി കൗൺസിലർമാർ ജയ് ശ്രീറാം വിളികളുമായി നഗരസഭ കവാടത്തിൽ അണിനിരന്നത്.

നഗരസഭയുടെ ആദ്യ യോഗത്തിൽ ദേശീയപതാകയുമായി സിപിഎം പ്രതിനിധികൾ എത്തിയിരുന്നു. നേരത്തെ ബിജെപി പ്രവർത്തകർ നഗരസഭ ഓഫിസിന് മുകളിൽ ജയ് ശ്രീറാം ഫ്ലക്സ് സ്ഥാപിച്ചതിനോടുള്ള പ്രതിഷേധമായാണ് സിപിഎം പ്രതിനിധികൾ ദേശീയ പതാകയുമായെത്തിയത്. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ പൊലീസ് നഗരസഭയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റി.

ഇതിന് പിന്നാലെ ബി.ജെ.പി പ്രതിനിധികൾ ജയ്ശ്രീറാം വിളികളോടെ നഗരസഭ കവാടത്തിൽ അണിനിരക്കുകയായിരുന്നു. ജയ് ശ്രീറാം വിളി തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പൊലീസിനോട് തട്ടിക്കയറി.

പിന്നീട്, സി.പി.എം പ്രവർത്തകർ നഗരസഭക്ക് പുറത്ത് ഭരണഘടന വായിച്ചു.