മുഖ്യമന്ത്രിയുടെ നവോത്ഥാന സംഘടന യോഗത്തിൽ ഭിന്നത

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച് ചേർത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിൽ ഭിന്നത. സാമുദായിക സംഘടനകളുടെ പിന്തുണയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിഞ്ഞു. വിമർശനമുന്നയിച്ചത് അറുപതോളം സംഘടനകൾ. എൻഎസ്എസും യോഗക്ഷേമ സഭയും യോഗത്തിൽ നിന്ന് വിട്ടുനിന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിലടക്കം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സാമുദായിക സംഘടനകളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്. ഈ സംഘടനകളുടെ പിന്തുണയോടെ യുവതി പ്രവേശനം നടപ്പിലാക്കാമെന്ന മുഖ്യമന്ത്രിയുടെ ഉദ്ദേശം പാളി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ വിവിധ സാമുദായിക സംഘടനകൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധവുമായി പുറത്തേക്കിറങ്ങി.

സാമൂഹ്യ സമത്വ മുന്നണി, വിഎസ്ഡിപി, വണിക വൈശ്യ സംഘം, മോസ്റ്റ് ബാക് വേർഡ് കമ്മിറ്റി തുടങ്ങിയ അറുപതോളം സംഘടനകൾ വിയോജിപ്പ് അറിയിച്ചു. സ്ഥാനങ്ങൾ നൽകിയപ്പോൾ വെള്ളാപ്പള്ളി നടേശൻ കവാത്ത് മറന്ന് സർക്കാർ നിലപാടിനൊപ്പം നിന്നുവെന്ന് സാമൂഹിക സമത്വ മുന്നണി അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കുന്ന തരത്തിലായിരുന്നു ചര്‍‌ച്ച നടന്നതെന്ന് ധീവര സഭാ ജനറല്‍ സെക്രട്ടറി വി. ദിനകരനും വ്യക്തമാക്കി.

അതേസമയം എൻഎസ്എസ് ചർച്ചയിൽ പങ്കെടുക്കാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ വളരെ ലാഘവത്തോടെ അവരും പങ്കെടുക്കേണ്ടതായിരുന്നു എന്നു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ശബരിമലയിലെ നിരോധനാജ്ഞ, വിധി നടപ്പിലാക്കാനുള്ള തിടുക്കം എന്നിവയിലെല്ലാം എൻഎസ്എസ് സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ചർച്ചയിൽ നിന്ന് എൻഎസ്എസ് വിട്ടുനിന്നത് സർക്കാരിന് വൻ തിരിച്ചടി തന്നെയാണ് നൽകിയിരിക്കുന്നത്. വിവിധ സംഘടനകൾ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ വനിതാ മതിൽ തീർക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്രത്തോളം യാഥാർത്ഥ്യം ആകുമെന്ന് കണ്ടറിയാം.

https://youtu.be/NI9f6ws8au8

V Dinakaranpinarayi vijayanVishnupuram Chandrasekharan
Comments (0)
Add Comment