പാർട്ടി നടപടി വൈകുന്നതിൽ പ്രതിഷേധം; ഒരു വിഭാഗം CPM-DYFI നേതാക്കൾ രംഗത്ത്

Jaihind Webdesk
Sunday, October 14, 2018

പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി വൈകുന്നതിൽ പാലക്കാട് ഒരു വിഭാഗം സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കൾ രംഗത്ത്. പീഡന പരാതി അന്വേഷിക്കുന്നതിനേക്കാൾ, ഗൂഢാലോച നടന്നെന്ന ആരോപണത്തിനാണ് കമ്മീഷൻ മുൻതൂക്കം നൽകുന്നതെന്നാണ് ഇവരുടെ ആരോപണം.

നടപടിയുണ്ടായില്ലെങ്കിൽ ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം.

ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ആഗസ്റ്റ് 14നാണ് ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റി അംഗമായ യുവതി പരാതി നൽകുന്നത്. ആദ്യം ആരോപണങ്ങൾ നിഷേധിച്ച നേതൃത്വം, രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സെപ്റ്റംബർ 30നകം റിപ്പോർട്ട് സമർപ്പിച്ച് തുടർനടപടിയെന്നായിരുന്നു നേതൃത്വം പെൺകുട്ടിക്ക് കൊടുത്ത ഉറപ്പ്.

എന്നാൽ നൽകിയ ഉറപ്പുകൾ പാലിക്കാതെ പെൺകുട്ടിക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം അതൃപ്തിയുമായി എത്തിയത്. അന്വേഷണ കമ്മീഷന്റെ ലക്ഷ്യം വഴിമാറിപ്പോവുകാണെന്നാണ് ആരോപണം.

പരാതിക്കാരിയുടെ കുടുംബാംഗങ്ങളും അമർഷത്തിലാണ്. നടപടി ഇനിയും വൈകിയാൽ പരാതിക്കാരിതന്നെ മുന്നിട്ടിറങ്ങുമെന്നാണ് സൂചന. പെൺകുട്ടി നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെങ്കിലും പരാതി പുറത്തുവിട്ടേക്കും. ഒപ്പം നിയമപരമായി പി. കെ ശശിക്കെതിരെ നീങ്ങാനാണ് പരാതിക്കാരിയുടെയും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം.