തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയ്ക്ക് പിന്നാലെ ബിജെപി ഡൽഹി ഘടകത്തിൽ തമ്മിലടി ശക്തമായി

Jaihind News Bureau
Friday, February 14, 2020

BJP-Flag

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയോടെ ബിജെപി ഡൽഹി ഘടകത്തിൽ തമ്മിലടി ശക്തമായി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരി രാജിവയ്ക്കണമെന്ന ആവശ്യം രൂക്ഷമായി ഉയരുകയാണ്. അതേസമയം പരാജയത്തിന് ശേഷം മൗനം വെടിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഗോലിമാരോ പ്രസ്താവന തെറ്റായിരുന്നെന്നും,പ്രസ്താവന നടത്താൻ പാടില്ലായിരുന്നെന്നും ഷാ വിമർശിച്ചു.

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിക്കെറ്റ കനത്ത തോൽവിക്ക് പിന്നാലെ സംഘടനയിൽ പൂർണമായ അഴിച്ചുപണി വേണമെന്ന അഭിപ്രായം ശക്തിപ്പെട്ടുകയാണ്. രാജ്യസഭാംഗം വിജയ് ഗോയലിന്റെ നേതൃത്വത്തിലാണ് തിവാരിക്കെതിരെ പടയൊരുക്കം നടക്കുന്നത്. തിവാരിയെ പുറത്താക്കണമെന്ന നിലപാടിലാണ് മറ്റ് നേതാക്കളും. തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ തിവാരി രാജിസന്നദ്ധത അറിയിച്ചുവെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ തിവാരി തന്നെ വാർത്ത നിഷേധിച്ചു രംഗത്തെത്തി. സ്ഥാനം ഒഴിയാൻ തയ്യാറല്ലെന്ന നിലപാടിലാണ് തിവാരി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്ഥനായത്തിനാൽ ഷാ സംരക്ഷിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് തിവാരി. അതേസമയം
യുപി-ബിഹാർ മേഖലയായ പൂർവാഞ്ചലിൽ നിന്നുള്ളയാളെ അധ്യക്ഷനാക്കിയതിന്റെ പ്രയോജനം ഉണ്ടായില്ലെന്ന പ്രചാരണമാണ് വിജയ് ഗോയലും മറ്റും നടത്തുന്നത്. ഡൽഹിയിൽ നിർണായകമായ ഇവരുടെ പിന്തുണ ലക്ഷ്യമിട്ടാണ് അമിത് ഷാ ദേശീയ അധ്യക്ഷനായിരിക്കെ തിവാരിയെ 2016ൽ ഡൽഹി അധ്യക്ഷനാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 11 മണ്ഡലത്തിൽ പൂർവാഞ്ചലുകാരെ സ്ഥാനാർഥികളാക്കിയിരുന്നു. ഒരാൾ മാത്രമാണ് ജയിച്ചത്. പൂർവാഞ്ചലുകാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് തിവാരിയുടെ അവകാശവാദം. ഡൽഹി നേതാക്കളുടെ തമ്മിലടി മുറുകുമ്‌ബോഴും പ്രചാരണത്തിന് നേതൃത്വം നൽകിയ അമിത് ഷായ്ക്കെതിരെ വിമർശമുന്നയിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ തിരിച്ചടിയായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. ഗോലി മാരോ പരാമർഷവും, ഇന്ത്യ-പാകിസ്ഥാൻ മത്സരമാണെന്നുമുള്ള പ്രസ്താവനകൾ നടത്താൻ പാടില്ലായിരുന്നുവെന്നും ഷാ വിമർശിച്ചു. പാർടി അത്തരം പ്രസ്താവനകളിൽ നിന്ന് അകലം പാലിക്കണമെന്നും അമിത് ഷാ താകീത് നൽകി. തന്റെ കണക്കുകൂട്ടൽ പിഴച്ചെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

എതിരാളികളെ വെടിവച്ചുകൊല്ലണമെന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെയും ഷഹീൻബാഗിലെ സമരക്കാർ വീടുകളിലെത്തി ഭാര്യയേയും മക്കളേയും ബലാത്സംഗം ചെയ്യുമെന്ന ബിജെപി എംപി പർവേഷ് വർമയുടെയും പ്രസംഗം വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ഇന്ത്യ–പാക് മത്സരമാണെന്നാണ് ബിജെപി നേതാവ് കപിൽ മിശ്ര പ്രചരിപ്പിച്ചത്. ഇതെല്ലാം തിരിച്ചടിയായെന്നാണ് പാർട്ടി മുൻ അധ്യക്ഷന്റെ വിമർശനം.