ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ തമ്മിലടി

Thursday, January 24, 2019

തൃശൂരില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ശബരിമല സമരത്തെ ചൊല്ലി പാര്‍ട്ടിയിലെ ഇരു ഗ്രൂപ്പുകളും ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തിലൂടെ ബി.ജെ.പി ജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരായെന്ന് വി മുരളീധരപക്ഷം വാദിച്ചു. എന്നാല്‍ സമരം വന്‍ വിജയമായിരുന്നുവെന്ന് പി.എസ് ശ്രീധരന്‍പള്ള അവകാശപ്പെട്ടു. മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളായിരുന്നു കോര്‍ കമ്മിറ്റി യോഗത്തില്‍ നടന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ളയാവട്ടെ, നിസഹായാവസ്ഥയിലുമായിരുന്നു.

എന്‍.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനെച്ചൊല്ലിയും തര്‍ക്കം നടന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് വേണമെന്നുള്ള ബി.ഡി.ജെ.എസിന്‍റെ ആവശ്യം അധികപ്രസംഗമാണെന്ന് യോഗം വിലയിരുത്തി. നാല് സീറ്റുകളില്‍ കൂടുതല്‍ ബി.ഡി.ജെ.എസിന് നല്‍കരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.