‘പ്രസീത വിളിച്ചിട്ടില്ല എന്ന് പറയുന്നില്ല’ ; ശബ്ദരേഖ തള്ളാതെ സുരേന്ദ്രന്‍

Jaihind Webdesk
Thursday, June 3, 2021

കോഴിക്കോട് : എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തില്‍ ശബ്ദരേഖ തള്ളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജെആര്‍പി നേതാവ് പ്രസീതയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം സുരേന്ദ്രന്‍ പൂര്‍ണമായും തള്ളിയില്ല. പ്രസീത വിളിച്ചിട്ടില്ല എന്ന് പറയുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം  സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴിക്കോട് പറഞ്ഞു. പുറത്തുവിട്ട ശബ്ദ സന്ദേശം വ്യാജമാണെങ്കിൽ അന്വേഷിക്കാമെന്നും കരുതിക്കൂട്ടി കരിവാരിത്തേക്കാൻ ഉള്ള ഓഡിയോ റെക്കോർഡ് അല്ല പുറത്തുവിട്ടതെന്നും അവർ പറഞ്ഞു.

പണം കൊടുക്കുന്നുവെന്ന് പറഞ്ഞു കെ.സുരേന്ദ്രൻ വിളിച്ചിരുന്നു. മാർച്ച് 7ന് കെ.സുരേന്ദ്രൻ രാവിലെയും വൈകുന്നേരവും തിരുവനന്തപുരം ഹോറൈസൺ ഹോട്ടലിൽ ഉണ്ടായിരുന്നു. തൻ്റെ കൈയിൽ ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ഉണ്ടെന്നും പ്രസീത അഴിക്കോട് കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.