സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു; മരണം കരള്‍ മാറ്റിവയ്ക്കാനിരിക്കവെ

Jaihind News Bureau
Friday, May 2, 2025

സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനാല്‍ കരള്‍ മാറ്റിവെക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

കരള്‍ നല്‍കാന്‍ മകള്‍ തയാറായെങ്കിലും ചികിത്സക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. അതിനിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. സംസ്‌കാരം നാളെ നടക്കും. നടന്‍ കിഷോര്‍ സത്യ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.

മാമ്പഴക്കാലം, റണ്‍വേ, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, കാശി, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സജീവമായിരുന്നു വിഷ്ണു പ്രസാദ്. രണ്ട് പെണ്‍മക്കളാണ്.