മാപ്പ്… വിഷമിപ്പിച്ചതിന്; യാത്ര പോയത് മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ – സി.ഐ. നവാസ്

Jaihind Webdesk
Saturday, June 15, 2019

കൊച്ചി: മേലുദ്യോഗസ്ഥനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാടുവിട്ടുപോയ സി.ഐ നവാസ് തിരികെ വരുന്നതായി ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവരെയും വിഷമിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നതായി നവാസ് കുറിച്ചു. മനസ്സ് നഷ്ടപ്പെടുമെന്ന് തോന്നിയപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണെന്നും ഇപ്പോള്‍ തിരികെ വരുകയാണെന്നുമാണ് നവാസിന്റെ കുറിപ്പ്.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് നാടുവിട്ട നവാസിനെ തമിഴ്നാട്ടിലെ കരൂരില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലീസാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെ നവാസ് ഫോണ്‍ ഓണാക്കിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ലൊക്കേഷന്‍ മനസിലായ കേരള പൊലീസിന്റെ നിര്‍ദേശമനുസരിച്ചാണ് റെയില്‍വേ പൊലീസ് നവാസിനെ കണ്ടെത്തിയത്. നവാസ് ബന്ധുക്കളും ഭാര്യയുമായും ഫോണില്‍ സംസാരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ പി എസ് സുരേഷുമായി വയര്‍ലെസില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ ്രൈഡവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എസിപിയെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം.