‘ഭർത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്‍റെ പീഡനം; വയർലെസ് രേഖകള്‍ പരിശോധിക്കണം’ : മുഖ്യമന്ത്രിക്ക് പരാതിയുമായി സി.ഐയുടെ ഭാര്യ

Jaihind Webdesk
Friday, June 14, 2019

 

കാണാതായ എറണാകുളം സെൻട്രൽ സി.ഐ വി.എസ് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഭർത്താവ് നാടുവിടാൻ കാരണം മേലുദ്യോഗസ്ഥന്‍റെ പീഡനമാണെന്നും,ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

തന്‍റെ ഭർത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തോട് കള്ളക്കേസുണ്ടാക്കാൻ മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാര്യ ആരോപിച്ചു. മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്ന കാര്യം ഭർത്താവ് തന്നോട് പറഞ്ഞിട്ടുണ്ട്, എന്നാൽ ഉദ്യോഗസ്ഥന്‍റെ പേര് പറഞ്ഞിട്ടില്ല.വയർലെസ് വഴി ഈ ഉദ്യോഗസ്ഥനുമായി വാഗ്വാദം നടന്നിട്ടുണ്ട്. വയർലെസ് സെറ്റ് രേഖകൾ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം നവാസ് കേരളം വിട്ടിട്ടില്ലെന്നും എവിടെയുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തേവരയിലെ എ.ടി.എമ്മിൽ നിന്ന് നവാസ് പതിനായിരം രൂപ പിൻവലിച്ചിരുന്നു. കൂടാതെ പത്ത് ദിവസത്തിന് ശേഷം തിരിച്ച് വരുമെന്ന് ഒരു സുഹൃത്തിനോട് പറയുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് നവാസിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്.