സിപിഎം നിയന്ത്രണത്തിലുള്ള ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ് : ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കണ്ണൂർ : സിപിഎം ഭരിക്കുന്ന  പേരാവൂരിലെ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പില്‍ ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായി സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഈട് വാങ്ങാതെ വായ്പകള്‍ അനുവദിച്ചത് ബാധ്യതക്ക് കാരണമായി. ചിട്ടി നടത്തിയതിൽ വ്യാപക ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് രജിസ്ട്രാർ കെ.പ്രദോഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമജസത്തിൽ കണ്ടെത്തി. സൊസൈറ്റി സെക്രട്ടറി പി.വി.ഹരിദാസ്, മുൻ പ്രസിഡന്‍റ് കെ പ്രിയൻ എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാവുന്നതാണെന്നും അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യുസിന് ലഭിച്ചു.

2017ലാണ് ധനതരംഗ് എന്ന പേരില്‍ പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി ആരംഭിക്കുന്നത്. 2000 രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ ചേര്‍ന്നത്. നറുക്ക് ലഭിക്കുന്നയാളുകള്‍ പിന്നീട് പണം നല്‍കേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചിട്ടിയെ ചൂതാട്ടം എന്നാണ് അന്വേഷണ റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. സി പി എം പ്രാദേശിക നേതാവായിരുന്ന സൊസൈറ്റിയുടെ മുൻ പ്രസിഡണ്ട് കെ.പ്രിയനും സൊസൈറ്റി സെക്രട്ടറി പി.വി ഹരിദാസിനുമെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

ഇടപാടുകളിലൂടെ സെക്രട്ടറി അനധികൃതമായി പണം കൈപ്പറ്റിയതായും, സെക്രട്ടറിയുടെ ബന്ധുവിന് ആദ്യ ഗഡു അടച്ച അന്ന് തന്നെ 35000 രൂപ അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വായ്പ നൽകിയതിൽ വ്യാപക ക്രമക്കേട് നടന്നതായും നിയമം ലംഘിച്ച് നിക്ഷേപതുകയിൽ നിന്നെടുത്ത് ശമ്പളം വിതരണം ചെയ്തതായും കണ്ടെത്തി. സെക്രട്ടറി വ്യാജരേഖ ചമച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2015-20 കാലഘട്ടത്തിലെ ധനവിനിയോഗം സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണം.

രണ്ടര ലക്ഷം വായ്പ എടുത്ത വനിതയ്ക്ക് ഒരു ലക്ഷത്തി 1,15000 രൂപ മാത്രമാണ് സെക്രട്ടറി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ബാക്കി തുക സെക്രട്ടറി അപഹരിച്ചു എന്നുള്ള പരാതിയിൽ കഴമ്പുണ്ടെന്നും എന്നും രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം 29നാണ് ഇതുസംബന്ധിച്ച 38 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം സമയംപണം തിരികെ നല്‍കാമെന്ന ഉറപ്പ് സി.പി.എം ലംഘിച്ചെന്നാരോപിച്ച് വീണ്ടും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നിക്ഷേപകര്‍.

Comments (0)
Add Comment