ഇന്ന് ചിങ്ങം ഒന്ന് ; പുതുവർഷത്തെ വരവേറ്റ് മലയാളികള്‍

തിരുവനന്തപുരം : ഇന്ന് ചിങ്ങം ഒന്ന്. മലയാളിയുടെ പുതുവ‍ര്‍ഷ പിറവി. ആധിയും വ്യാധിയും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് കേരളക്കര. കെട്ട കാലത്തിന്‍റെ കരിമേഘം മൂടി നിൽക്കുമ്പോഴും പ്രതീക്ഷകളുടെ പോക്കുവെയിൽ തുണ്ടുകൾ വീണു കിടക്കുന്ന ഇടവഴിയിൽ പൊന്നിൻ ചിങ്ങം വിരുന്നു വിളിക്കുകയാണ്. കഴിഞ്ഞ മൂന്നാണ്ടുകൾ പെരുമഴക്കാലത്തിന്റെ കണ്ണീർ പെയ്ത്തിലാണ് ചിങ്ങപുലരിയിലേക്ക് മലയാളക്കര മിഴി തുറന്നത്.

2018 ൽ മഹാ പ്രളയം. 2019 ൽ പുത്തുമലയിലും കവളപ്പാറയിലും പ്രകൃതിയുടെ താണ്ഡവം. പോയ വർഷം പെട്ടിമുടിയിൽ മണ്ണിൽ അടർന്ന ജീവിതങ്ങൾ. ഒപ്പംകരിപ്പൂരിന്റെ ആഘാതവും. കൊവിഡ് എന്ന മഹാമാരി നമ്മെ വിട്ടു പോയിട്ടുമില്ല.
കള്ളക്കര്‍ക്കിടകത്തിന്റെ താണ്ഡവം പൊന്നിൻ ചിങ്ങത്തിലും തുടരുന്നു. എങ്കിലും മലയാളി എന്നും ശുഭാപ്തി വിശ്വാസത്തിന്റെ പതാക വാഹകരാണ്. പൂവിളികൾ ഉയരുമ്പോൾ മനം തുടി കൊട്ടി പാടും. മാവേലി നാടിന്റെ നൻമ നിറഞ്ഞ നാളുകളെ കുറിച്ച്.

ചിങ്ങം 1 കേരളക്കരക്ക് കര്‍ഷകദിനം കൂടിയാണ്. മണ്ണറിഞ്ഞ് ജീവിക്കുന്ന ഒരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. ഓണ പുലരികളിലേക്കുള്ള കാത്തിരിപ്പാണ് ഇനി. ഒരുമയുടെ ഓട്ടുരുളിയിൽ കൂട്ടായ്മയുടെ വിഭവങ്ങൾ ഒരുക്കി നമുക്ക് നല്ല അയൽക്കാരാകാം. കൈകൾ കോർത്തു പിടിച്ച് നാടിനെ ചേർത്തു നിർത്തി ഐശ്വര്യത്തിന്റെ പൂക്കളങ്ങൾ ഒരുക്കാം. അങ്ങനെ നൻമ നിറഞ്ഞ മനുഷ്യനാകാം.. നല്ലൊരു മലയാളിയാകാം..

Comments (0)
Add Comment