ഇന്ന് ശിശുദിനം… പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മരണയില്‍ രാജ്യം…

ഇന്ന് ശിശുദിനം. കുട്ടികളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനം. കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്.

1889 നവംബർ 14 നാണ് ജവഹര്‍ലാല്‍ നെഹ്റു ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്റു എന്നും ഓർമിക്കപ്പെടുന്നു. ആഘോഷങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. ചാച്ചാജിയെക്കുറിച്ച് പറയുമ്പോൾ കുട്ടികൾക്ക് ഓർമയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാൾ.

രാജ്യം ശിശുദിനം വിപുലമായി ആഘോഷിക്കുകയാണ്.  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും മറ്റു കലാപരിപടികളും അരങ്ങേറും. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങൾ പ്രദാനം ചെയ്യുന്നു. ഏവർക്കും ശിശുദിനാശംസകള്‍…

Jawaharlal NehruChildren's Day
Comments (0)
Add Comment