മരട് ഫ്ലാറ്റ് കേസ്: സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി

Jaihind Webdesk
Friday, September 20, 2019

മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. വിധി നടപ്പിലാക്കുന്നതിൽ വീഴ്ച ഉണ്ടായെങ്കിൽ മാപ്പ് അപേക്ഷിക്കുന്നുവെന്ന് സത്യവാങ്മൂലം നല്‍കിയ ചീഫ് സെക്രട്ടറി 23ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവും തേടി. സത്യവാങ്മൂലം കോടതി തിങ്കളാഴ്ച പരിഗണിക്കും. പൊളിക്കാൻ നടപടികൾ ആരംഭിച്ചതായും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കികൊണ്ടുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ സമർപ്പിച്ചു. വിധി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തി എന്ന് കോടതിക്ക് തോന്നുകയാണെങ്കിൽ നിരുപാധികം മാപ്പ് പറയുകയാണെന്ന് സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി. വിധി നടപ്പിലാക്കാൻ നേരിട്ട് മേൽനോട്ടം വഹിക്കുമെന്ന് ഉറപ്പ് നൽകിയ ചീഫ് സെക്രട്ടറി 23ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് വേണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്വീകരിച്ച നടപടികൾ സത്യവാങ്മൂലത്തിൽ സർക്കാർ വിശദീകരിച്ചു. ഫ്ലാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് നോട്ടീസ് നൽകി, പൊളിക്കലിന് ടെൻഡർ ക്ഷണിച്ചു, നഗരസഭാ സെക്രട്ടറിയെ വിളിച്ച് ഉത്തരവ് നടപ്പിലാക്കാൻ ആവശ്യപ്പെട്ടു, പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ ഐ.ഐ.ടി മദ്രാസിനെ ചുമതലപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങൾ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പരിജ്ഞാനക്കുറവ്, കെട്ടിട അവശിഷ്ടങ്ങൾ നിർമാർജനം ചെയ്യുന്നതിലെ ആശയക്കുഴപ്പം, ജന നിബിഡമായ പ്രദേശം, ജലാശയങ്ങൾ തുടങ്ങിയ പരിമിതികൾ ഫ്ലാറ്റുകൾ ഒറ്റയടിക്ക് പൊളിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് സർക്കാർ പറയുന്നു. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്. സത്യവാങ്മൂലം കോടതി തിങ്കളാഴ്ച പരിഗണിക്കും.