മലപ്പട്ടത്തെ ഗാന്ധി സ്തൂപം തകര്‍ത്ത സംഭവം:  ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്നു; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം- സണ്ണി ജോസഫ്

Jaihind News Bureau
Friday, May 16, 2025

മലപ്പട്ടത്തെ ഗാന്ധി സ്തൂപം തകര്‍ത്ത സംഭവത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇക്കാര്യത്തില്‍ ഗോവിന്ദന്‍ മാഷ് പാര്‍ട്ടി നിലപാട് പറയണം. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേരളീയ പൊതു സമൂഹത്തിന് ഇക്കാര്യം അറിയാന്‍ താല്പര്യം ഉണ്ട്. കേരളത്തില്‍ എവിടെയും ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് മലപ്പട്ടത്ത് സിപിഎം നേതാവ് പ്രസംഗിച്ചത്, അത് കേരളീയ പൊതുസമൂഹം കേട്ടതാണ്. കെപിസിസി പ്രസിഡന്റ് പങ്കെടുത്ത പരിപാടിയില്‍ സിപിഎം പ്രവര്‍ത്തകരായ അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാനാണ് പൊലീസ് പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസ് നയം തെറ്റ് ആണ്. ഏകാധിപത്യപരമാണ്. ഭരണകക്ഷിയെ പിന്‍തുണക്കുകയാണ്. ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്നു. വീടിന് നേരെ നടന്ന അക്രമം പ്രതിഷേധാര്‍ഹമാണ്. സി പി എം സംസ്ഥാന സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിലാണ് അക്രമം നടന്നത്. വീട്ടില്‍ മാതാപിതാക്കള്‍ ഉറങ്ങികിടക്കുമ്പോള്‍ വീട് ആക്രമിക്കുന്നത് രാഷ്ട്രിയ പ്രവര്‍ത്തനത്തിന്റെ ശൈലിയാണൊയെന്ന് സി പി എം വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. സി പി എം അക്രമികള്‍ തകര്‍ത്ത തളിപറമ്പ് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കെപിസിസി പ്രസിഡന്റ്.