സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞുതന്നെ ; പിണറായിയുടെ വാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, October 7, 2020

Mullapaplly-Ramachandran

തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലൂടെ മുഖ്യമന്ത്രിയുടെ വാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ സ്പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഇ.ഡിയുടെ കുറ്റപത്രത്തിലെ മൊഴി.

കുറ്റവാളികള്‍ക്ക്‌ ഒളിക്കാനുള്ള ലാവണമല്ല തന്‍റെ ഓഫീസെന്നാണ്‌ മുഖ്യമന്ത്രി ഈ വിവാദത്തോട്‌ പ്രതികരിച്ചിരുന്നത്‌. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക്‌ കടകവിരുദ്ധമായ മൊഴിയാണ്‌ സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റിന്‌ നല്‍കിയിരിക്കുന്നത്‌. മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ആറ്‌ തവണ മുഖ്യമന്ത്രിയെ കണ്ടത്‌ ശിവശങ്കറിനൊപ്പമാണെന്നും അദ്ദേഹത്തെ മുന്‍ പരിചയമുണ്ടെന്നുമുള്ള സ്വപ്നയുടെ മൊഴി ഞെട്ടിക്കുന്നതാണ്. സ്വപ്‌നയുടെ മൊഴി പുറത്ത്‌ വന്നതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും ചോദ്യം ചെയ്യപ്പെടുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സ്വപ്‌നാ സുരേഷിന്‍റെ വഴിവിട്ട നിയമനവുമായി ബന്ധപ്പെട്ട്‌ കേരള പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്‍റെ അന്വേഷണവും എങ്ങും എത്തിയിട്ടില്ല. ഇത്‌ മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.

സ്വര്‍ണ്ണക്കടത്ത്‌, ലൈഫ്‌ മിഷന്‍ കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള തെരഞ്ഞെടുപ്പ്‌ ധാരണയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തടസപ്പെടുത്താനുള്ള ഇടപെടലുകള്‍ ഉന്നത തലത്തില്‍ നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ്‌ ഇത്രനാളും അന്വേഷിച്ചിട്ടും പ്രതികള്‍ക്കെതിരായി ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ കഴിയാതെ പോകുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.