സ്വർണ്ണക്കടത്തില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ; പഴി മാധ്യമങ്ങള്‍ക്ക്

Jaihind News Bureau
Friday, August 7, 2020

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ പത്രസമ്മേളനത്തിനിടെ  സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയർന്നതോടെയാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന എന്‍.ഐ.എ കോടതിയില്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ അസ്വസ്ഥനായ പിണറായി  വിജയന്‍ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്വർണ്ണം കടത്താൻ കൂട്ടുനിന്നെന്ന് സ്ഥാപിക്കാനാണോ നിങ്ങളുടെ ശ്രമമെന്ന് ചോദിച്ച പിണറായി വിജയന്‍ എത്ര അധ്വാനിച്ചാലും അത് നടക്കില്ലെന്നും പറഞ്ഞു. ഉപജാപക സംഘത്തിന്‍റെ വക്താക്കളാവുന്നുവെന്നും മാധ്യമങ്ങളെ കുറ്റപ്പെടുത്തി. മാധ്യമ ധർമ്മം പാലിക്കണമെന്ന ഉപദേശവും പിന്നാലെ വന്നു.

‘മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ തലപ്പത്തിരിക്കുന്ന ഞാൻ വെള്ളം കുടിക്കുമെന്നാണെങ്കിൽ മനസിൽ വെച്ചാൽ മതി. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്നെയും ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലാണോ വാർത്ത കൊടുക്കേണ്ടത്? മുഖ്യമന്ത്രിയും ഓഫീസും സ്വർണ്ണക്കടത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വരുത്തിത്തീർക്കലാണോ നിങ്ങളുടെ ലക്ഷ്യം ?’- പിണറായി വിജയന്‍ പത്രസമ്മേളനത്തിനിടെ ചോദിച്ചു.

സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍.ഐ.എ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. അധികാരത്തിന്‍റെ ഇടനാഴിയില്‍ വലിയ സ്വാധീനമുള്ളയാണ് സ്വപ്നയെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച ചോദ്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്.