എതിര്ശബ്ദത്തോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ തിരിയാന്‍ കാരണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരിഹരിക്കണമെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും അതിനോട് സഹിഷ്ണുതയോടെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
കൊവിഡ് പ്രോട്ടോക്കോള്‍ നിബന്ധനയും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും പ്രതിപക്ഷം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചത്. എല്ലാ സഹകരണവും പ്രതിപക്ഷം വാഗ്ദാനം നല്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് പ്രതിനിധികള്‍ ആത്മാര്‍ത്ഥമായ പിന്തുണയാണ് സര്‍ക്കാരിന് നല്‍കിയത്. ഇതെല്ലാം മുഖ്യമന്ത്രി സൗകര്യപൂര്‍വ്വം മറക്കുകയാണ്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റിയപ്പോള്‍ അതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ തലയില്‍ വച്ചുകെട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയ്ക്കുമെതിരായ പോരാട്ടം ജനശ്രദ്ധ പിടിച്ചുപറ്റി. അതിനെതിരായ രോഷമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.
പ്രതിപക്ഷ സമരങ്ങള്‍ മാത്രമാണ് കൊവിഡ് രോഗപ്രതിരോധത്തിന് തട്ടസ്സമായതെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടുപിടിത്തം. അങ്ങനെയെങ്കില്‍ സിപിഎം നടത്തിയ സമരങ്ങളും കുഞ്ഞനന്തന്റെ ശവസംസ്കാര ചടങ്ങില്‍ ആഴക്കൂട്ടം ഉണ്ടായതും മന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോഗ്യപ്രോട്ടോക്കോള്‍ ലംഘിച്ച് തലസ്ഥാന ജില്ലയില്‍ പരിപാടി സംഘടിപ്പിച്ചതും എന്തുകൊണ്ട് മുഖ്യമന്ത്രി പരാമര്‍ശിക്കുന്നില്ലെന്നും ഹസ്സന് ചോദിച്ചു.
സാമൂഹിക അടുക്കള തുടങ്ങിയപ്പോള്‍ മുതല്‍ സര്‍ക്കാരും സിപിഎമ്മും രാഷ്ട്രീയം കളിക്കുകയാണ്. കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്തിയത് ഇടതുസര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള മത്സരപാച്ചിലിനിടയിലാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്.
പ്രവാസികളേയും മറുനാടന്‍ മലയാളികളേയും മടക്കി കൊണ്ടുവരുന്നകാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് പ്രതിപക്ഷത്തിന് എങ്ങനെ പ്രതിഷേധിക്കാതെ ഇരിക്കാന്‍ കഴിയും. അതിനാലാണ് പ്രതിപക്ഷം സമരത്തിന് തയ്യാറായത്. കൊവിഡ് രോഗികളുടെ ഡേറ്റ അമേരിക്കാന്‍ കമ്പനിയ്ക്ക് വില്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയും തുടര്‍ന്ന് ഒന്നൊന്നായി പുറത്ത് വന്ന അഴിമതി, അനധികൃത നിയമനം, സ്വര്‍ണ്ണക്കടത്ത് പോലുള്ള രാജ്യദ്രോഹക്കുറ്റങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം എന്നിവയ്ക്കെതിരേയുമാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. ഈ വിഷയങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പൊതുജനത്തിന് മനസിലായിട്ടുണ്ടെന്നും ഹസ്സന് പറഞ്ഞു.