ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്ന് വിരമിക്കും : പുതിയ ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ഡെ നാളെ സത്യപ്രജ്ഞ ചെയ്യും

Jaihind News Bureau
Sunday, November 17, 2019

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയി ഇന്ന് വിരമിക്കും. അയോധ്യാ ഭൂമി തർക്ക കേസ്, ശബരിമല യുവതീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹർജികൾ, ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമോ എന്നതുൾപ്പെടെ നിർണായക കേസുകളില്‍ തീർപ്പ് കൽപ്പിച്ചിട്ടാണ് ചീഫ് ജസ്റ്റിന്‍റെ പടിയിറക്കം. പുതിയ ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ഡെ നാളെ സത്യപ്രതിജ്ഞ ചെയ്യും.

ഇന്ന് കോടതി അവധി ആയതിനാൽ ബാർ അസോസിയേഷൻ വെള്ളിയാഴ്ച തന്നെ ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകിയിരുന്നു. നിര്‍ണായക വിധികളാലും വിവാദങ്ങളാലും സമ്പന്നമായിരുന്നു രഞ്ജന്‍ ഗൊഗോയിയുടെ കാലം. ജസ്റ്റിസ് ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോബര്‍ 3 നായിരുന്ന രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അയോധ്യ, ശബരിമല, റഫാൽ, ആര്‍.ടി.ഐ തുടങ്ങിയവയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സുപ്രധാന വിധികള്‍.

ഒരു നൂറ്റാണ്ടിലേറെ നീണ്ട അയോധ്യ ഭൂമിതർക്ക കേസിൽ ഗൊഗോയിയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കി. മുസ്‌ലീം വിഭാഗത്തിന്പള്ളി നിർമ്മിക്കാൻ സ്ഥലം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ശബരിമല യുവീപ്രവേശനം സമബന്ധിച്ച പുനഃപരിശോധനാ ഹർജികള്‍ വിശാല ബഞ്ചിന്‍റെ പരിഗണനയ്ക്ക് അയച്ചു. സുപ്രീം കോടതി വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് ഗൊഗോയി വിധി പ്രസ്താവിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് തള്ളിയ രഞ്ജന്‍ ഗൊഗോയ് റഫാലില്‍ പുനരന്വേഷണം വേണ്ടെന്നും വിധിച്ചു.

സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ രീതിയിലാണെന്ന് പറഞ്ഞ് ചരിത്രത്തിലാദ്യമായി കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ഗൊഗോയി ഉള്‍പ്പെടെ നാല് ജഡ്ജിമാര്‍ വാർത്താസമ്മേളനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.  ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും ഗൊഗോയി അടക്കമുള്ള ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിരുന്നു.