മാതൃകാ പെരുമാറ്റച്ചട്ടം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും

Jaihind Webdesk
Wednesday, March 13, 2019

മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് ചർച്ച നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ യോഗത്തിൽ നൽകും. അതേ സമയം,  ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ യോഗത്തിൽ ഉന്നയിക്കും.

മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടികളുമായി ഇന്ന് ചർച്ച നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ യോഗത്തിൽ നൽകും.

നേരത്തെ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് പ്രചരണം നടത്തരുതെന്നും ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം രാഷ്ട്രീയ പാർട്ടികളെ അദ്ദേഹം അറിയിക്കും. എന്നാൽ ടീക്കാറാം മീണയുടെ നിർദ്ദേശത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തിൽ രാഷ്ട്രീയം കലർന്നിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്‌നവും ഉണ്ടായ സാഹചര്യത്തിൽ സ്വഭാവികമായും തെരെഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന കാര്യങ്ങളും നേതാക്കൾ യോഗത്തിൽ ഉന്നയിക്കും.

അതേ സമയം, കഴിഞ്ഞ സെപ്റ്റംബർ 25-ലെ സുപ്രീം കോടതി ഉത്തരനവനുസരിച്ച് സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സ്ഥാനാർഥികളും പാർട്ടികളും പരസ്യപ്പെടുത്തണം. കേസുകളുടെ എണ്ണം, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, വകുപ്പ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി മാധ്യമങ്ങളിൽ മൂന്ന് വട്ടം പരസ്യം നൽകണമെന്നും യോഗത്തിൽ നിർദേശിക്കും. തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കരുതെന്നും ആവശ്യപ്പെടും.