കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തി ചെറിയാന്‍ ഫിലിപ്പ്

Jaihind Webdesk
Friday, October 29, 2021

തിരുവനന്തപുരം: കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തി ചെറിയാൻ ഫിലിപ്പ്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്‍റണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്‍റ് തന്നെ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും സിപിഎമ്മില്‍ താന്‍ ന്യായീകരണ തൊഴിലാളി മാത്രമായി മാറിയെന്നും ചെറിയാന്‍ പറഞ്ഞു.

‘ഇന്ത്യൻ ദേശീയത നിലനിർത്തുന്നത് കോൺഗ്രസ് ആണ്.  വർഗീയതയും ഏകാധിപത്യവും കൊടികുത്തിവാഴുന്ന കാലത്ത് ജനാധിപത്യ ബദൽ വേണം. അതിന് കോൺഗ്രസിനേ കഴിയൂ. കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കും. രാജ്യസ്നേഹമുള്ള വ്യക്തി എന്ന നിലയിൽ ജീവിത സായ‌ാഹ്നത്തിൽ താൻ കോൺഗ്രസ് പങ്കാളിയ‌ാകുന്നു’- ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

കോൺഗ്രസിൽ രാഷ്ട്രീയ വ്യക്തിത്വമാകാം. സിപിഎമ്മിൽ തനിക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടായിരുന്നില്ല.  കേരളത്തിലെ കോൺഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണ്.  വിപുലമായ സൗഹൃദങ്ങൾ കോൺഗ്രസിൽ ഉണ്ട്. തന്‍റെ വേരുകൾ കോൺഗ്രസിൽ ആണ്. മറ്റൊരു പ്രതലത്തിൽ താൻ വളരില്ല. വേരുകൾ തേടി ഞാൻ മടക്കയാത്ര നടത്തുന്നു. അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.

ര‌ാഷ്ട്രീയ രഹസ്യങ്ങൾ രഹസ്യമായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. എകെജി സെന്‍ററില്‍ നടന്ന പല രഹസ്യങ്ങളും അറിയാം. എന്നാല്‍ അതൊന്നും പുറത്തു പറയില്ല. സിപിഎമ്മിനോട് ഒരു പദവിയും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. ഖാദിയെന്ന പേരില്‍ വില്‍ക്കുന്നത് വ്യാജ ഖാദിയാണ്. ഖാദി ബോര്‍ഡില്‍ പോയിരുന്നെങ്കില്‍ വിജിലന്‍സ് കേസില്‍ പെടുമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.