‘മുഖ്യമന്ത്രി സ്വന്തം മാനസികനില പരിശോധിക്കണം ; നാട്ടില്‍ അഴിമതി നടക്കരുതെന്നാണ് ആഗ്രഹം’ : മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി | Video

Jaihind News Bureau
Thursday, September 24, 2020

 

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. നാട്ടിൽ നല്ലത് നടക്കരുത് എന്നല്ല, നാട്ടില്‍ അഴിമതി നടക്കരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് രമേശ് ചെന്നിത്തല. താന്‍ ഒഴിച്ച് മറ്റെല്ലാവരുടെയും മാനസിക നില തെറ്റി എന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം മാനസികനിലയാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പാവങ്ങൾക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയുടെ മറവിൽ തട്ടിപ്പ് നടന്നു എന്നത് സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ നിന്നും വ്യക്തമാണ്. പദ്ധതിയിൽ നിന്ന് നാല് കോടിയുടെ കമ്മീഷൻ തട്ടി എന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞതിനെ ധനമന്ത്രി തോമസ് ഐസക്ക് ശരിവെക്കുകയും ചെയ്തിട്ടുള്ളതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മടിച്ചുമടിച്ചാണെങ്കിലും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ നിന്ന് ലൈഫിൽ തട്ടിപ്പ് നടന്നു എന്നത് തന്നെയാണ് വ്യക്തമാകുന്നത്. എന്നാല്‍ സി.ബി.ഐ അന്വേഷണം കൊണ്ട് മാത്രമേ പദ്ധതിയിലെ തട്ടിപ്പ് പുറത്തുകൊണ്ടുവരാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈഫ് പദ്ധതിയിലെ ധാരണാപത്രത്തിന്‍റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് കത്തുകള്‍ നൽകിയിരുന്നത്. എന്നാല്‍ മാസങ്ങൾ പിന്നിട്ടിട്ടും ഇത് നൽകാൻ സർക്കാർ തയാറാകാത്തതുകൊണ്ടാണ് പ്രതിഷേധിച്ച് ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ലൈഫ് പദ്ധതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. സുതാര്യമായ ഒരു സർക്കാരിന്‍റെ ഉത്തരവാദിത്വമാണ് ഇത്തരം രേഖകൾ ജനങ്ങളെ അറിയിക്കുക എന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വപ്‌നാ സുരേഷ്  ഉൾപ്പെടെയുള്ളവരെ മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്?  രേഖകൾ രഹസ്യമാക്കി വെക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

താനൊഴിച്ച് എല്ലാവരുടെയും മാനസിക നില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അഴിമതികളെ എതിർക്കുന്ന പ്രതിപക്ഷ നേതാവിനും ചോദ്യങ്ങൾ ചോദിക്കുന്ന പത്രലേഖകർക്കും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവർക്കും എല്ലാം പ്രത്യേക മാനസിക നില എന്നാണ് പിണറായി പറയുന്നത്. മുമ്പ് വി.എസ് അച്യുതാനന്ദനെതിരെയും പിണറായി ഇതു പറഞ്ഞിരുന്നു. താനൊഴിച്ച് മറ്റെല്ലാവരുടെയും മാനസിക നില തെറ്റി എന്ന് ഒരാള്‍ ആവർത്തിച്ച് പറയുമ്പോള്‍ അതിന്‍റെ അര്‍ത്ഥം എന്താണെന്ന് എല്ലാവരും മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/353585959198688