
ശുചിമുറിയില്‍ വീണ് കാലിന് പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്.
കെ.പി.സി.സി. അംഗം രാധേഷ് കണ്ണന്നൂര്‍, മുന്‍ കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരും ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു. ജി. സുധാകരന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം പതിനഞ്ച് മിനിറ്റോളം സമയം ആശുപത്രിയില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ശുചിമുറിയില്‍ കാല്‍വഴുതി വീണ് ജി. സുധാകരന്റെ കാലിന് മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ സംഭവിച്ചത്. തുടര്‍ന്ന് പരുമലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന ജി. സുധാകരന് ഇന്ന് ആശുപത്രി വിടുമെന്നാണ് വിവരം. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് രണ്ട് മാസത്തെ പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.