കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തത് നല്ല കാര്യം; ഗോവിന്ദനെതിരെയും കേസെടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് നേതാക്കള്‍

 

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയ എല്ലാവർക്കുമെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. സ്ഫോടനമുണ്ടായപ്പോള്‍ തന്നെ വർഗീയവത്ക്കരിക്കാന്‍ ശ്രമിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  രണ്ടു പേരും വിഷയത്തെ സമീപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും അതിനാല്‍ രണ്ടുപേർക്കെതിരെയും കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഗോവിന്ദനെ വെള്ളപൂശുന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ല. ഒരാള്‍ക്ക് വാലിലാണ് വിഷമെങ്കില്‍ മറ്റെയാള്‍ക്ക് വായിലാണ് വിഷമെന്നും അദ്ദേഹം പരിഹസിച്ചു.

വർഗീയ പരാമർശം നടത്തിയ എല്ലാവർക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസനും ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും കേസെടുക്കണം. ഇല്ലെങ്കിൽ നടപടി ഏകപക്ഷീയമാകും. കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തത് നന്നായിട്ടുണ്ട്. അതിന് സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും എം.എം. ഹസൻ കോഴിക്കോട് പറഞ്ഞു.

Comments (0)
Add Comment