ജനവിധി അട്ടിമറിക്കാൻ സി.പി.എം വ്യാപകമായി കള്ളവോട്ട് ചേർക്കുന്നു : രമേശ് ചെന്നിത്തല

 

കൊച്ചി : ജനവിധി അട്ടിമറിക്കാൻ സി.പി.എം വ്യാപകമായി കള്ളവോട്ട് ചേർക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ പ്രക്രിയയിൽ ഇത് അംഗീകരിക്കാൻ കഴിയില്ലന്നും കള്ളവോട്ട് ഒഴിവാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യത നഷ്ടമാകുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. അതേസമയം ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി.

ആസൂത്രിതമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എമ്മും സർവീസ് സംഘടനകളും ചേർന്ന് ഗൂഡാലോചന നടത്തിയതെന്ന് അദ്ദേഹം  ആരോപിച്ചു. കള്ളവോട്ട് ചേർത്തിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചുവെന്നും ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എം.പിമാർ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇരട്ടവോട്ടില്ലാതെ തെരഞ്ഞെടുപ്പ് നടന്നാൽ സംസ്ഥാനത്ത് യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

വോട്ടർപട്ടികയുടെ സ്ഥിതി അതീവഗുരുതരമാണെന്ന് അദ്ദേഹം ഹൈകോടതിയെ അറിയിച്ചു. 5 വോട്ടുകള്‍ വരെ ഒരാളുടെ ഫോട്ടോ ഉപയോഗിച്ച്‌ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗുരുതര പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹ‍ര്‍ജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം ആവശ്യപ്പെട്ടു. ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും. ഇരട്ടവോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് നല്‍കിയ ഹ‍ര്‍ജിയിലെ പ്രധാന ആവശ്യം.

Comments (0)
Add Comment