ചെങ്ങന്നൂരിലെയും റാന്നിയിലെയും ദുരിത ബാധിതരെ സർക്കാർ സഭയിൽ അവഗണിച്ചു

Jaihind Webdesk
Thursday, August 30, 2018

പ്രളയവും തുടര്‍നടപടികളും ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎല്‍എമാരെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി. നിയമസഭയിൽ കാഴ്ച്ചക്കാരായി ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനും റാന്നി എംഎല്‍എ രാജു ഏബ്രഹാമും. അതേസമയം, പ്രളയക്കെടുതി രൂക്ഷമല്ലാതിരുന്ന പ്രദേശമായിട്ടും കായംകുളം എം.എൽ.എ യു.പ്രതിഭക്ക് സംസാരിക്കാൻ അനുമതി നൽകി.

പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ക്കാണ് പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവാദം നൽകിയത്. എന്നാൽ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎല്‍എമാരെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനേയും റാന്നി എംഎല്‍എ രാജു ഏബ്രഹാമിനേയുമാണ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്. താരതമ്യേന പ്രളയ ദുരിതം രൂക്ഷമായി ബാധിക്കാത്ത സ്ഥലങ്ങളിലെ എം.എൽ.എമാർക്ക് വരെ സംസാരിക്കാന്‍ അനുമതി നല്‍കിയപ്പോഴാണ് പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂരിന്‍റെയും റാന്നിയുടേയും എംഎല്‍എമാരെ ഒഴിവാക്കിയത്.

അതേ സമയം, രക്ഷാപ്രവര്‍ത്തനവേളയില്‍ പരസ്യമായി സർക്കാർ പ്രവർത്തനങ്ങളെ വിമര്‍ശിച്ചവരാണ് സജി ചെറിയാനും രാജു ഏബ്രഹാമും. സൈന്യം യഥാസമയം എത്തിയില്ലെങ്കില്‍ 10,000 പേരെങ്കിലും മരിക്കുമെന്ന സജി ചെറിയാന്‍റെ പരസ്യമായ അഭ്യര്‍ഥന രക്ഷാപ്രവര്‍ത്തനവേളയില്‍ ഏറെ ചര്‍ച്ചയായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ ഡാമുകള്‍ തുറന്നതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് രാജു ഏബ്രഹാമും പരസ്യമായി പറയുകയുണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് ഇവർക്ക് അവസരം നൽകാത്തതെന്നാണ് നിഗമനം.